മാസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ 2ജി സ്പെക്ട്രം അഴിമതി കേസില്‍ സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷണം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പാര്‍ലമെന്റില്‍ ജെപിസി അന്വേഷണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതിയ മന്ത്രിമാരെ പരിചയപ്പെടുത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി ജെപിസി അന്വേഷണം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റ് സുഗമമായി നടത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ശീതകാല സമ്മേളനം ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ തടസ്സപ്പെടുത്തുകയായിരുന്നു. ഇത് ബജറ്റ് സമ്മേളനത്തിലും ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.
2ജി അഴിമതി സംബന്ധിച്ച് അന്വേഷണത്തിനായി നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സുപ്രീംകോടതിയുടെ നിരീക്ഷണത്തിലാണ് സിബിഐ കേസില്‍ അന്വേഷണം നടത്തുന്നത്. അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച അന്വേഷണം സുതാര്യമായാണ് നടത്തുന്നതെന്ന് പ്രതിപക്ഷത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു എങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പാര്‍ലമെന്റ് സുഗമമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ജെപിസി അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ജെപിസി രൂപീകരണം സംബന്ധിച്ച നടപടികളുമായി സ്പീക്കര്‍ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ജെപിസി അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്തു. പ്രഖ്യാപനം ആരുടെയും വിജയവും പരാജയവുമായി കണക്കാക്കേണ്ടതില്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും സുഷമ അഭിപ്രായപ്പെട്ടു.