ചെന്നൈ|
സജിത്ത്|
Last Updated:
വ്യാഴം, 8 ജൂണ്‍ 2017 (13:49 IST)
അണ്ണാഡി.എം.കെയിലെ
മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി - ഒ. പന്നീർസെല്‍വം വിഭാഗങ്ങള്‍ ഒരുമിക്കാന്‍ വീണ്ടും ഊര്‍ജിത നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയില്‍ ടി.ടി.വി. ദിനകരന് പിടിമുറുക്കുന്നത് ഭീഷണിയായി കാണുന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നാണ് സൂചന. ദിനകരന് പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കുന്നതിനുമുമ്പുതന്നെ ചെറുത്തു നില്‍പ്പിനായി മറ്റെല്ലാ തർക്കങ്ങളും മറന്ന് ലയനംമാത്രമാണ്ഏക പോംവഴിയെന്ന് ഒ.പി.എസ് - ഇ.പി.എസ് വിഭാഗങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്.
പന്നീര്‍സെല്‍വവുമായി സഹകരിച്ചുപോകാന്‍ ബി ജെ പി പളനിസാമിയില്‍ ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയെയും മന്നാര്‍ഗുഡി സംഘത്തെയും അകറ്റി നിര്‍ത്താനായി ബി ജെ പി കരുക്കള്‍ നീക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ വീഴാതിരിക്കാനും നിലവിലെ സാഹചര്യം ഡി എം കെ-കോണ്‍ഗ്രസ് സഖ്യം മുതലെടുക്കാതിരിക്കാനും മുൻകരുതലുകൾ തീര്‍ക്കുകയാണിപ്പോള്‍ ബി ജെ പി.