ചെന്നൈ|
സജിത്ത്|
Last Modified ചൊവ്വ, 2 മെയ് 2017 (13:01 IST)
തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം അവസാനിക്കുന്നില്ല. ലയന ചര്‍ച്ചയില്‍ തങ്ങള്‍ മുന്നോട്ടുവെച്ച ഡിമാന്‍ഡുകള്‍ അംഗീകരിക്കാത്ത പക്ഷം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന് ഒ പനീര്‍ശെല്‍വം ക്യാമ്പ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരത്തിനകം തന്നെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ നടപ്പാക്കണമെന്ന അന്ത്യശാസനവും ഒപിഎസ് ക്യാമ്പ് നല്‍കിയെന്നാണ് പുറത്തുവരുന്ന സൂചന.
മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും തങ്ങള്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങളില്‍ നടപടി എടുക്കാന്‍ തയ്യാറല്ലെങ്കില്‍ ചര്‍ച്ചകള്‍ അവസാനിപ്പിക്കാനും അതിനായി രൂപീകരിച്ച ഏഴംഗ കമ്മിറ്റിയെ പിരിച്ചുവിടാനും ഒപിഎസ് ക്യാമ്പ് തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എങ്കിലും കൂടുതല്‍ എംഎല്‍എമാര്‍ കൂടെയുള്ള പളനിസാമി ക്യാമ്പ് എന്ത് നിലപാടെടുക്കുമെന്നതിനെ ആശ്രയിച്ചിരിക്കും തുടര്‍നീക്കങ്ങള്‍.
അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുന്നതിന് സംസ്ഥാന വ്യാപകമായി പ്രചരണ പദ്ധതികള്‍ തുടങ്ങാനും ഒപിഎസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. ജനപിന്തുണയുടെ കാര്യത്തില്‍ പനീര്‍ശെല്‍വത്തിനുള്ള മുന്‍തൂക്കമാണ് ഇപിഎസിനേയും കൂട്ടരേയും ഭയപ്പെടുത്തുന്നത്. 120 എംഎല്‍എമാര്‍ കൂടെയുണ്ടെങ്കിലും ഒരു തെരഞ്ഞൈടുപ്പ് ഒറ്റക്ക് നേരിട്ട് വിജയിപ്പിക്കാന്‍ മാത്രം നേതൃശേഷി ഇപിഎസ് പക്ഷത്തിനുണ്ടോയെന്ന കാര്യം സംശയമാണ്. ഇത് തന്നെയാണ് നേതാവെന്ന നിലയില്‍ ഒപിഎസിന് ഒരു പടി മുന്‍ഗണന നല്‍കുന്നത്.