ഡല്‍ഹി|
rahul balan|
Last Modified വെള്ളി, 26 ഫെബ്രുവരി 2016 (01:02 IST)
ജെ എന്‍ യുവിലെ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. ഇന്ത്യയുടെ ഹൃദയഭൂമിയായ ജെ എന്‍ യു പോലെയുള്ള സ്ഥലത്ത് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുയരുമ്പോള്‍ പൊലീസിന് നിശബ്ദത പാലിക്കാന്‍ കഴിയില്ല. ഈ രാജ്യത്തെ വിഭജിക്കുന്നവര്‍ക്ക് എടുത്ത് ചാടി ബഹുമാനം കൊടുക്കരുതെന്നും പ്രതിപക്ഷത്തോട് ജയ്റ്റ്ലി ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ ജെ എന്‍ യു, രോഹിത് വെമൂല പ്രശ്‌നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരില്‍ പി ഡി പിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയത് ദേശീയ താല്‍പര്യം സംരക്ഷിക്കാനായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ബി ജെ പി-പി ഡി പി ബന്ധം കാശ്മീരിന്റെ ആവശ്യമാണെന്നും ജയ്റ്റ്ലി കൂട്ടിച്ചെര്‍ത്തു.
ജെ എന്‍ യു ഇന്ത്യയുടെ ഭാഗവും ഇന്ത്യന്‍ നിയമങ്ങള്‍ ബാധകമായ സ്ഥലവുമാണ്. അവിടെ പീനല്‍ കോഡ് ലംഘിക്കപ്പെട്ടാല്‍ പൊലീസിന് പ്രവേശിക്കാന്‍ അധികാരമുണ്ട്. ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നുവെന്നത് മാത്രമല്ല ചില ദേശീയ പാര്‍ട്ടികള്‍ അതിനെ പിന്തുണയ്ക്കുന്നുവെന്നതും ദുരന്തമാണ്. തീവ്രവാദത്തിനെതിരെ ഞങ്ങളേക്കാള്‍ ഉശിരോടെ സംസാരിക്കണ്ടവരാണ് കോണ്‍ഗ്രസുകാരാണ്. കാരണം നിങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാര്‍ തീവ്രവാദികളാല്‍ വധിക്കപ്പട്ടതാണെന്നും ജയ്റ്റ്‌ലി പറഞ്ഞു.
പട്യല കോടതിയില്‍ നടന്നത് അപലപനീയമാണ്. എന്നാല്‍ അതിനെമാത്രം വലുതായി കാണിക്കുന്ന ഇടതു പാര്‍ട്ടികളുടെ നയം അംഗീകരിക്കാന്‍ കഴിയില്ല. ജെ എന്‍ യുവില്‍ വിതരണം ചെയ്യപ്പെട്ട ലഘുലേഘകള്‍ കൂടുതലും ആക്രമിച്ചിരിക്കുന്നത് യു പി എ സര്‍ക്കാരിനെയാണ്. കശ്മീര്‍ നെഹ്‌റുവിന്റേയോ മന്‍മോഹന്റേയോ മോഡിയുടേയോ അല്ലെന്നാണ് അതില്‍ പറയുന്നത്. മുഖംമറച്ച് ചില മാവോവാദികളും വിഘടനവാദികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളും വിളിച്ചു. അപ്പോള്‍ പൊലീസ് എന്ത് ചെയ്യണമെന്നും ജയ്റ്റ്‌ലി ചോദിച്ചു.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ് എന്നിങ്ങനെ മൂന്ന് കോണ്‍ഗ്രസ് പാര്‍ട്ടികളുള്ളതാണ് ബംഗാളിന്റെ ദുരന്തമെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തിയത് പ്രതിഷേധത്തിനിടയാക്കി.