ജാമ്യം അനുവദിക്കുന്നതിന് അഞ്ചു കോടി രൂപ കൈക്കൂലി കൈപ്പറ്റിയ കേസില്‍ ഹൈദരാബാദിലെ സിബിഐ കോടതി അഡീഷണല്‍ സ്പെഷ്യല്‍ ജഡ്ജിയെ അറസ്റ്റ് ചെയ്തു. ജസ്റ്റിസ് ഡി പട്ടാഭിരാമ റാവുവിനെയാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്.
ഒബുലപുരം അനധികൃത ഖനനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കര്‍ണാടക മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നതിന് ജഡ്ജി കൈക്കൂലി കൈപ്പറ്റി എന്നാണ് ആരോപണം. മെയ് 11-നാണ് പട്ടാഭി രാമറാവു ജനാര്‍ദ്ദന റെഡ്ഡിക്ക് ജാമ്യം അനുവദിച്ചത്. എന്നാല്‍ മറ്റൊരു കേസില്‍ പ്രതിയായ റെഡ്ഡിക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. കൈക്കൂലി തുക ജഡ്ജി മകന്റെ ലോക്കറില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന് ആരോപണം ഉണ്ടായിരുന്നു. ലോക്കര്‍ തുറന്നു പരിശോധിച്ചപ്പോള്‍ പണം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജഡ്ജിക്കെതിരെ ക്രിമിനല്‍ നടപടികളിലേക്ക് കടക്കാന്‍ തീരുമാനമായത്.
പട്ടാഭി രാമറാവുവിനെ മെയ് 31-ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതേ കേസില്‍ റിട്ട. ജഡ്ജി ടിവി ചലപതി റാവു, പട്ടാഭി രാമ റാവുവിന്റെ മകന് രവിചന്ദ്ര എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.