ജയില്‍ പുള്ളികള്‍ക്ക് ഇനിമുതല്‍ സെക്സ് മൌലികാവകാശം

ചണ്ഡിഗഡ്| Last Modified ബുധന്‍, 7 ജനുവരി 2015 (09:32 IST)
ജയില്‍ പുള്ളികള്‍ക്ക് ഇനി പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാം. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും സന്താനങ്ങളെ ഉല്പാദിപ്പിക്കുന്നതും ജയില്‍ പുള്ളികളുടെ മൌലികാവശത്തില്‍ ഉള്‍പ്പെട്ടതാണെന്ന് കോടതി വിധിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടേതാണ് ചരിത്ര പ്രാധാന്യമേറിയ ഈ വിധി. തടവില്‍ കഴിയുന്നയാള്‍ വിവാഹിതനും കുട്ടി വേണമെന്ന് ആഗ്രഹമുള്ളയാളും ആണെങ്കില്‍ അവര്‍ക്ക് പങ്കാളികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് അനുമതി നല്കിക്കൊണ്ടുള്ളതാണ് കോടതി വിധി.

ചൊവ്വാഴ്ചയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ദമ്പതികളായ ജസ്‌വീര്‍ സിംഗ് - സോണിയ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ജസ്റ്റിസ് സൂര്യ കാന്തിന്റെ ചരിത്രപ്രാധാന്യമേറിയ വിധി. നിലവില്‍ പട്യാലയിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് ഇരുവരും. വന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ധനാഡ്യമായ ഹോഷിരാപുര്‍ കുടുംബത്തില്‍ നിന്ന് പതിനാറുവയസ്സുള്ള ആണ്‍കുട്ടിയെ തട്ടിയെടുത്ത് കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് ഇരുവരും.
വിചാരണക്കോടതി ഇരുവരെയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഏതായാലും പുതിയ കോടതിവിധിയോടെ ഇരുവര്‍ക്കും ജയിലില്‍ ഒരുമിച്ച് താമസിക്കാം. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ ഒറ്റ മകനാണെന്നും വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട് താന്‍ അറസ്റ്റിലായെന്നും ജസ്‌വിര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ലൈംഗികതാല്പര്യത്തിനു വേണ്ടി മാത്രമല്ല താന്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ജസ്‌വിര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് ആദ്യം പരാതി പരിഗണിക്കാതിരുന്ന കോടതി പൊതുതാല്പര്യാര്‍ത്ഥം ഹര്‍ജി പരിഗണിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :