ചെലവുകുറഞ്ഞ ഭവന പദ്ധതിക്കുള്ള അപേക്ഷാ ഫോമിനായി ഗുജറാത്ത് ഹൌസിംഗ് ബോര്‍ഡിന്റെ ഓഫിസിന് മുന്നില്‍ കാത്തിരുന്ന ജനങ്ങള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ്. ഫോം കിട്ടാതായതോടെ ജനങ്ങള്‍ അക്ഷമരാവുകയായിരുന്നു. തുടര്‍ന്ന് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത് ഒഴിവാക്കാനായി ലാത്തിച്ചാര്‍ജ്ജ് നടത്തി പൊലീസ് ഇവരെ പിരിച്ചുവിടുകയായിരുന്നു.
തങ്ങളെ അധികാരത്തിലേറ്റിയാല്‍ വീട്ടമ്മമാര്‍ക്ക് ചെലവ് കുറഞ്ഞ വീടുകള്‍ ലഭ്യമാക്കുമെന്ന് ഗുജറാത്ത കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇത് കേട്ടത്തോടെ നരേന്ദ്രമോഡി സര്‍ക്കാരിന് ഇരിപ്പുറച്ചില്ല. വരുമാനത്തിനനുസരിച്ച് ജനങ്ങളെ വിവിധ വിഭാഗങ്ങളായി തിരിച്ച്, ഏഴ് ഭവനപദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഭവനപദ്ധതികള്‍ക്കായുള്ള അപേക്ഷാ ഫോം വിതരണം ചെയ്യുന്നുണ്ടെന്ന് ഒരു പ്രാദേശിക ചാനല്‍ കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കി. തിങ്കളാഴ്ച ഫോം നല്‍കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ഞായറാഴ്ച രാത്രി തന്നെ ആളുകള്‍ ഗുജറാത്ത് ഹൌസിംഗ് ബോര്‍ഡിന്റെ ഓഫിസിന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ഫോം പ്രിന്റ് ചെയ്തിട്ടുപോലും ഇല്ലെന്നും ചാനല്‍ തെറ്റായി വാര്‍ത്ത നല്‍കിയതാണെന്നും അധികൃതര്‍ അറിയിച്ചതോടെയാണ് 1,500-2,000 വരെ വരുന്ന ജനങ്ങള്‍ പ്രതിഷേധിക്കാന്‍ തുടങ്ങിയത്. ഒടുവില്‍ ലാത്തിച്ചാര്‍ജ്ജില്‍ കലാശിക്കുകയും ചെയ്തു.