കാശ്മീര്‍ പ്രശ്ന പരിഹാരത്തിനായി നരേന്ദ്രമോഡി ദൂതനെ അയച്ചുവെന്ന കാശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ ആരോപണം ബിജെപി തള്ളി. കാശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ച നടത്താന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി രഹസ്യ ദൂതനെ അയച്ചുവെന്ന് ആരോപണം വിവാദമായിരുന്നു.
ചികിത്സാര്‍ത്ഥം ഡല്‍ഹിയില്‍ ഉണ്ടായിരുന്നപ്പോള്‍ മോഡിയുടെ രഹസ്യദൂതന്മാര്‍ മാര്‍ച്ച് 22ന് തന്നെ കാണാന്‍ എത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം ഗിലാനി ആരോപിച്ചത്. എന്നാല്‍ മോഡിയുടെ ആര്‍എസ്എസ് പശ്ചാത്തലം ചൂണ്ടിക്കാട്ടി ചര്‍ച്ചയില്‍ നിന്ന് പിന്മാറി എന്നും ഗിലാനി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഗിലാനിയുടെ ആരോപണം തള്ളിയ ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ്, തികച്ചും അസംബന്ധവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തിയ ഗിലാനി മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. ബിജെപി നേതൃത്വമോ മോഡിയോ ഇത്തരമൊരു ആവശ്യവുമായി ആരെയും ഗിലാനിക്ക് അരികിലേക്ക് അയച്ചിട്ടില്ലെന്നും രവിശങ്കര്‍ പറഞ്ഞു.