യശോദാബെന്‍ തന്റെ ഭാര്യയാണെന്ന് മോഡി നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ അംഗീകരിച്ചത് അവര്‍ അറിഞ്ഞിട്ടുണ്ടാവില്ല. കാരണം യശോദ ബെന്‍ ചതുര്‍ധാം തീര്‍ഥാടനത്തിലാണ്, നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന പ്രാര്‍ഥനയോടെ. മോഡി യശോദ ബെന്നിനെ അംഗീകരിച്ചെന്ന് അറിഞ്ഞപ്പോള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ ഗുജറാത്തിലെ ഉള്‍ഗ്രാമമായ ഉന്‍ജയിലേക്ക് എത്തിയിരുന്നു. നാല്‍പത് സ്ത്രീകളുടെ കൂട്ടായ്മയില്‍ ചതുര്‍ധാം തീര്‍ത്ഥാടനത്തിലാണ് യശോദയെന്നാണ് ബന്ധുക്കളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച വിവരം.
എന്നാല്‍ സംഭവം ചര്‍ച്ചയാവാതിരിക്കാന്‍ യശോദയെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. മോഡി പ്രധാനമന്ത്രിയാകാനായി ഒരു വര്‍ഷമായി അരിഭക്ഷണം ഉപേക്ഷിച്ചുള്ള കഠിന വ്രതത്തിലായിരുന്നു അവര്‍. ഇപ്പോഴത്തെ ചതുര്‍ധാം തീര്‍ത്ഥാടനവും അതിന്റെ ഭാഗമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സ്കൂള്‍ ടീച്ചറായി റിട്ടയര്‍ ചെയ്ത ശേഷം ബന്ധുക്കളോടൊപ്പം ജീവിക്കുകയായിരുന്നു യശോദ. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ ഭാര്യയെന്ന പദവിയിലേക്ക് വളരെ പെട്ടെന്ന് എത്തുമെന്ന് യശോദയും വിചാരിച്ചിട്ടുണ്ടാകില്ല. എന്നാല്‍ ഒരിക്കലെങ്കിലും തന്നെ ഭാര്യയായി അംഗീകരിക്കുമെന്ന് ബന്ധുക്കളോടും അടുത്ത സുഹൃത്തുക്കളോടും യശോദ പറഞ്ഞിരുന്നു. എന്നാല്‍ മോഡിയുടെ സാമീപ്യവും സമ്പത്തും യശോദയുടെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ലെന്ന് അടുത്ത ബന്ധുക്കള്‍ വ്യക്തമാക്കി.
PTI
PTI
നരേന്ദ്രഭായി പ്രധാനമന്ത്രിയാകാനാണ് ഞങ്ങളെല്ലാരും ആഗ്രഹിക്കുന്നത്. അതിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നാണ് യശോദാ ബെന്നിന്റെ മൂത്ത സഹോദരന്‍ കമലേഷ് പറയുന്നത്. 45 വര്‍ഷം മുന്‍പ് മോഡി ഉപേക്ഷിച്ച് പോയിട്ടും മറ്റൊരു വിവാഹത്തെക്കുറിച്ച് യശോദ ചിന്തിച്ചിട്ട് പോലുമില്ല. ഭര്‍ത്താവിന്റെ സുഖജീവിതത്തിന് വേണ്ടി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുകയും ചെരുപ്പിടാതെയുള്ള ദിനചര്യ അനുഷ്ഠിക്കുകയും ചെയ്ത് വരികയായിരുന്നു യശോദ
ഉന്‍ജയില്‍ താമസിക്കുന്ന കമലേഷിനും ബ്രഹ്മന്‍വാഡയില്‍ താമസിക്കുന്ന അശോകിനും ഒപ്പം മാറി മാറിയാണ് യശോദ ബെന്‍ താമസിക്കുന്നത്. 1968ലാണ് മോഡി യശോദയെ വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയില്‍ രാജ്യസേവനത്തിനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ചാണ് മോഡി യശോദയോട് പറഞ്ഞത്.
രാജ്യ സേവനത്തിനായുള്ള തന്റെ യാത്രയ്ക്കിടയില്‍ യശോദ നന്നായി പഠിക്കണമെന്നും അധ്യാപികയാകണമെന്നും മോഡി ആഗ്രഹിച്ചിരുന്നു. അതിനുശേഷം ഇന്നു വരെ ഭര്‍ത്താവിന്റെ യാത്രയെക്കുറിച്ച് യശോദ ആരോടും പരാതി പറഞ്ഞിട്ടില്ല. ഒരിക്കലെങ്കിലും തന്നെ അംഗീകരിക്കണമെന്നുമാത്രമാണ് അവര്‍ ആഗ്രഹിച്ചിരുന്നത്.മോഡിയുടെ വീട്ടിലും യശോദയെക്കുറിച്ച് നല്ല അഭിപ്രായം ആണുള്ളത്.