ഗര്‍ഭസ്ഥ ശിശുവിനെ 30,000 രൂപയ്ക്ക് വിറ്റു

മാള്‍ഡ| Last Modified ബുധന്‍, 7 മെയ് 2014 (12:15 IST)
ഗര്‍ഭസ്ഥ ശിശുവിനെ 30,000 രൂപയ്ക്ക് വിറ്റു. പശ്ചിമബംഗാളിലെ മാള്‍ഡയിലാണ് പ്രസവിക്കുന്നതിന് മുമ്പു തന്നെ തങ്ങളുടെ കുഞ്ഞിനെ ബന്ധുക്കളുടെ സമ്മതത്തോടെ ദമ്പതികള്‍ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റത്. എന്നാല്‍ പ്രസവ ശേഷം ആണ്‍കുട്ടിയാണെന്നറിഞ്ഞതോടെ കുഞ്ഞിനെ കൈമാറാന്‍ മടിച്ച ബന്ധുക്കള്‍ ഒടുവില്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇടപാട് പുറത്തറിഞ്ഞത്. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ചെറുകിട വ്യാപാരിയായ പ്രദ്യോതും ഭാര്യ രുമയുമാണ് ഗര്‍ഭസ്ഥ ശിശുവിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് വിറ്റത്. സാമ്പത്തിക ഞെരുക്കം കാരണം രണ്ടാമതൊരു കുഞ്ഞിനെ പരിപാലിക്കാനാവില്ലെന്ന് കണ്ട് പ്രദ്യോത് ഭാര്യ രുമയോട് ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് ഒരുങ്ങവെ അയല്‍വാസിയും കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുമായ മിഥുന്‍ ഹല്‍ഡറും ഭാര്യ ശിഖയും ഗര്‍ഭഛിദ്രം തടയുകയും കുഞ്ഞിനെ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് വിലയായി 30000 രൂപ കുഞ്ഞിന്റെ അച്ഛന് നല്‍കുകയും ഗര്‍ഭിണിയായ യുവതിയുടെ നാലു മാസത്തെ ചികിത്സാ ചെലവുകള്‍ ഇവര്‍ ഏറ്റെടുക്കുകയുമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച്ച മാള്‍ഡ മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ പ്രശ്‌നമായി. പില്‍കാലത്ത് കുഞ്ഞിന്റെ ജനനസര്‍ട്ടിഫിക്കറ്റിലെ
നിയമപ്രശ്‌നങ്ങളൊഴിവാക്കാന്‍ ഇവര്‍ സ്വന്തം പേരു പോലും മാറ്റി നല്‍കി. യഥാര്‍ത്ഥ പേരിന് പകരം കുഞ്ഞിന്റെ അമ്മയുടെ പേര് ശിഖ ഹല്‍ഡറെന്നും അച്ഛന്റേത് മിഥുന്‍ ഹല്‍ഡറാണെന്നുമാണ് ആശുപത്രി അധികൃതര്‍ക്ക് ഇവര്‍ നല്‍കിയിരുന്നത്.

എന്നാല്‍ ആണ്‍കുട്ടിയാണെന്നറിഞ്ഞതോടെ രുമയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ നല്‍കാന്‍ വിസമ്മതിക്കുകയും നവജാത ശിശുവുമായി ആശുപത്രിക്ക് സമീപത്തെ ഇംഗ്ലീഷ് ബസാര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഓടുകയുമായിരുന്നു. തങ്ങളുടെ മരുമകനും കുടുംബവും കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ വിറ്റതായി ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :