ബംഗളൂരു|
JOYS JOY|
Last Updated:
ശനി, 18 ഏപ്രില്‍ 2015 (15:00 IST)
കാവേരി നദിക്കു കുറുകെ മേകേദാട്ടുവില്‍ അണക്കെട്ട് ഉടന്‍ പണിയണമെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകള്‍ നടത്തുന്ന ബന്ദ് പൂര്‍ണം. മേകേദാട്ടു കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അണക്കെട്ട് പണിയുന്നതിനെതിരെ തമിഴ്നാട്ടിലെ കര്‍ഷകസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ണാടകയിലെ 600ലേറെ പ്രാദേശികസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചത്.
കെ എസ് ആര് ടി സി, ബി എം ടി സി ഉള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയിട്ടില്ല. ഓട്ടോ, ടാക്സി യൂണിയനുകള്‍ കഴിഞ്ഞദിവസം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി.
പൊതു വാഹനങ്ങള്‍ നിരത്തിലിറങ്ങാത്തത് ജനജീവിതത്തെ ബാധിച്ചു. ഓഫീസുകളില്‍ ഹാജര്‍നില കുറവാണ്. 12 മണിക്കൂര്‍ ബന്ദ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെക്കുറെ പൂര്‍ണമായ ബന്ദില്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ബന്ദ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ട്രെയിന്‍ സര്‍വീസുകളില്‍ കൂടുതല്‍ റയില്‍വേ സുരക്ഷ സേന അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. കേരള, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബസ് സര്‍വിസുകള്‍ ഭാഗികമായി തടസ്സപ്പെട്ടു.