കേന്ദ്ര മന്ത്രി ഗുരുദാസ് കാമത്ത് രാജിവച്ചതു പിന്നില്‍ മുംബൈ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും കാരണമായി എന്ന് റിപ്പോര്‍ട്ടുകള്‍. കാമത്ത് കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ എതിര് ചേരിയിലെ പ്രമുഖനായ മുരളി ദേവ്റയുടെ മകന് മിലിന്ദിന് നല്‍കിയതാണ് രാജി എന്ന കടുത്ത തീരുമാനത്തിലേക്ക് കാമത്തിനെ എത്തിച്ചതെന്നാണ് സൂചന.
സഹമന്ത്രി സ്ഥാനത്തു നിന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ചു എങ്കിലും പ്രാധാന്യം കുറഞ്ഞ വകുപ്പ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കാമത്ത് രാജി വച്ചത്. പ്രാധാന്യം കുറഞ്ഞ വകുപ്പ് ലഭിക്കുക മാത്രമല്ല താന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ താരതമ്യേന പുതുമുഖമായ മിലിന്ദിന് നല്കിയതിലാണത്രേ കാമത്ത് രാജി വച്ചത്.
ആഭ്യന്തരം, ഐടി, വാര്‍ത്താവിനിമയം തുടങ്ങിയ വകുപ്പുകളാണ് കാമത്ത് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍, പുന:സംഘടനയില്‍ ഈ വകുപ്പുകള്‍ മിലിന്ദ് ദേവ്റയ്ക്ക് നല്‍കുകയും പകരം കാമത്തിന് കുടിവെള്ള ശുചീകരണ വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കുകയുമായിരുന്നു.
മുരളി ദേവ്റയില്‍ നിന്ന് മുംബൈ റീജണല്‍ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടിയെടുത്ത കാമത്ത് തന്റെ മുപ്പത് വര്‍ഷത്തോളം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അഞ്ച് തവണ ലോക്സഭാംഗമായി. ഇപ്പോള്‍, കാബിനറ്റ് സ്ഥാനം പ്രതീക്ഷിച്ചിരിക്കെയാണ് നേതൃത്വത്തില്‍ നിന്ന് ശക്തമായ തിരിച്ചടിയുണ്ടായത്.