മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ അമിര്‍ കസബ് ബുധനാഴ്ച വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള വിചാരണയ്ക്ക് ഹാജരായില്ല. കസബിന് വധശിക്ഷ നല്‍കിയത് ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് മുംബൈ ഹൈക്കോടതി വിചാരണ നടത്തുന്നത്.
വിചാരണയ്ക്ക് നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന കസബിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇപ്പോള്‍ തെളിവുകള്‍ മാത്രമാണ് പരിഗണിക്കുന്നത് എന്നായിരുന്നു കോടതിയുടെ മറുപടി.
എന്നാല്‍, തനിക്ക് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട കസബ് പൊലീസുകാരോട് ക്ഷോഭിക്കുകയും വെബ് ക്യാമറയില്‍ തുപ്പുകയും ചെയ്തു. ശബ്ദ സംവിധാനം തകരാറില്‍ ആയിരുന്നതിനാല്‍ കോടതി മുറിയില്‍ ജയിലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ.
തിങ്കളാഴ്ച വിചാരണക്കിടയില്‍ പുച്ഛത്തോടെയുള്ള ചിരി മുഖത്തണിഞ്ഞാണ് കസബ് വാര്‍ത്താ പ്രാധാന്യം നേടിയത്. കഴിഞ്ഞ ദിവസം തനിക്ക് യുഎസില്‍ പോകണമെന്ന ആവശ്യം ഉന്നയിച്ചും കസബ് പൊലീസുകാരോട് തട്ടിക്കയറിയിരുന്നു.