ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടുന്ന കള്ളനോട്ടുകള്‍ പാകിസ്ഥാനില്‍ അച്ചടിക്കുന്നവയാണെന്ന് പുതിയ സ്ഥിരീകരണം. പാകില്‍ അച്ചടിക്കുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, തായ്ലാന്ഡ് തലസ്ഥാനമായ ബാങ്കോക്ക്, നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു എന്നിവിടങ്ങളിലൂടെയാണ് ഇന്ത്യയില്‍ എത്തുന്നത് എന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി’ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് വെളിവാക്കുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ താളം തെറ്റിക്കാന്‍ വേണ്ടി പാകിസ്ഥാന് നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണ് ഇതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മൊത്തം 400 ദശലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ രാജ്യത്ത് പ്രചരിക്കുന്നുണ്ട് എന്നാണ് ഇന്ത്യന്‍ അധികൃതരുടെ കണക്കു കൂട്ടല്‍. ഇതില്‍ ഒമ്പതു ദശലക്ഷം രൂപയുടെ നോട്ടുകള്‍ ഉത്തര്‍പ്രദേശില്‍ മാത്രമാണ്.
വികസിത രാജ്യങ്ങളില്‍ അതിര്‍ത്തി കള്ളക്കടത്തില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍, 700 ബില്യണ്‍ ഡോളറിന്റെ പ്രകൃതി വിഭവങ്ങള്‍ ചരക്കുകള്‍, മനുഷ്യര്‍, ആയുധങ്ങള്‍ എന്നിവ അനധികൃതമായി കടത്തപ്പെടുന്നു. ഹര്‍ക്കത്ത്-ഉല്-ജിഹാദ്-ഇ-ഇസ് ലാമി-ബംഗ്ലാദേശ്, ജമാത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്നീ ഭീകര സംഘടകള്‍ അല്‍-ക്വൊയ്ദയുമായി ചേര്‍ന്നാണ് ആനക്കൊമ്പ്, കാണ്ടാമൃഗത്തിന്റെ കൊമ്പ് എന്നിവ കള്ളക്കടത്ത് നടത്തുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത് ചൈനയാണ്. തായ് വാന്‍, വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ഇന്ത്യ, റഷ്യ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും വന്‍തോതില്‍ വ്യാജ ഉല്‍പ്പന്ന നിര്‍മ്മാണം നടക്കുന്നു.