ബോളിവുഡിലെ ഒന്നാം നമ്പര്‍ കലാസംവിധായകനായ സമീര്‍ ചന്ദ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 53 വയസായിരുന്നു. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കലാസംവിധായകനായ സമീര്‍ ചന്ദ ഒട്ടുമിക്ക ക്ലാസ് സംവിധായകര്‍ക്കും പ്രിയപ്പെട്ട കലാകാരനായിരുന്നു.
മൂന്നു തവണ ദേശീയ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം ദയ, യോദ്ധ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കും കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
രംഗ് ദേ ബസന്തി, രാവണ്‍, ഗുരു, ഓംകാര, ദില്‍സേ, ക്രിഷ്, കമീനേ, ഗജിനി, കാല്‍പുരുഷ്, ഓം ജയ് ജഗദീഷ്, സുബൈദ, അക്സ്, തേരാ ജാദൂ ചല് ഗയാ, ജംഗിള്‍, മസ്ത്, ചൈനാ ഗേറ്റ്, സര്‍ദാരി ബീഗം തുടങ്ങിയവയാണ് സമീര്‍ ചന്ദയുടെ പ്രധാന ചിത്രങ്ങള്‍.
മണിരത്നത്തിന് ഏറ്റവും പ്രിയപ്പെട്ട കലാസംവിധായകനായിരുന്നു സമീര്‍ ചന്ദ. അദ്ദേഹത്തിന്റെ മരണം ഞെട്ടലുളവാക്കിയെന്ന് പ്രമുഖ സംവിധായകന് ബുദ്ധദേബ് ദാസ് ഗുപ്ത പറഞ്ഞു. “ഞങ്ങള്‍ ഒട്ടേറെ തവണ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഒരു മികച്ച കലാകാരനും നല്ല മനുഷ്യനുമായിരുന്നു. അദ്ദേഹത്തിന്റെ മരണം സിനിമാലോകത്തിന് തീരാനഷ്ടമാണ്” - ബുദ്ധദേബ് ദാസ് ഗുപ്ത അനുസ്മരിച്ചു.