ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ഇളയ മകള്‍ കനിമൊഴിയെ തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് അച്ഛന് മകളെ കാണാന്‍ ജയിലിലെത്തിയത്. കൂടിക്കാഴ്ച തികച്ചും വികാരനിര്‍ഭരമായിരുന്നു.
തന്റെ വാത്സല്യഭാജനമായ കനിയെ കാണുന്നതിനായി കരുണാനിധി തിങ്കളാഴ്ച രാവിലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. പതിവ് ഡല്‍ഹി യാത്രകളില്‍ നിന്ന് വ്യത്യസ്തമായി കരുണാനിധി ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്.
കനിമൊഴിയുടെ ഭര്‍ത്താവ് അരവിന്ദന്, അമ്മ രാജാത്തി അമ്മാള്‍, ഡിഎംകെ നേതാവ് ടി ആര് ബാലു എന്നിവരും കരുണാനിധിക്കൊപ്പം ജയില്‍ എത്തിയിരുന്നു. ഇവരെ കാത്ത് മാധ്യമങ്ങളുടെ ഒരു പട തന്നെ ഗേറ്റില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു എങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഗേറ്റിലൂടെ കരുണാനിധിയും കൂട്ടരും അകത്ത് കടന്നു.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതിനും പട്യാലഹൌസ് കോടതിയില്‍ ഹാജരായതിനും ശേഷം വൈകുന്നേരത്തോടെയാണ് കനിമൊഴി ജയിലില്‍ തിരിച്ചെത്തിയത്. 2ജി കേസില്‍ ജയിലിലുള്ള എ രാജ, കലൈഞ്ജര്‍ ടിവി എംഡി ശരദ് കുമാര്‍ എന്നിവരെയും കരുണാനിധി സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്.
എന്നാല്‍, ഇത്തവണത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ കരുണാനിധി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കില്ല എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.