കൈക്കൂലി വിവാദം കരസേനാ മേധാവിയെ കോടതി കയറ്റുന്നു. ആരോപണവിധേയനായ റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിംഗ് കരസേനാ മേധാവി വി കെ സിംഗിനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. തേജീന്ദര്‍ സിംഗ് തനിക്ക് കൈക്കൂലി നല്കാന് ശ്രമിച്ചിരുന്നു എന്ന് വി കെ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സൈന്യത്തിലേക്ക് നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങുന്നതിനായി തേജീന്ദര്‍ സിംഗ് തനിക്ക് 14 കോടി കൈക്കൂലി വാഗ്ദാനം ചെയ്തു എന്നായിരുന്നു വി കെ സിംഗിന്റെ വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയ്ക്കിടെ പ്രതിരോധമന്ത്രി എ കെ ആന്റണിയും തേജീന്ദര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചിരുന്നു.
തേജീന്ദര്‍ സിംഗിന്റെ അഭിഭാഷകന് അനില്‍ അഗര്‍വാല്‍ ആണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. വി കെ സിംഗ് ആരോപിക്കുന്ന രീതിയില്‍ ഒരു കാര്യം നടന്നിട്ടില്ലെന്ന് തേജീന്ദര്‍ സിംഗ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
English Summary: The bribe row took a ugly turn on Tuesday afternoon after retired Lieutenant General Tejinder Singh filed a defamation suit against Army Chief General VK Singh, hours after Defence Minister AK Antony named former Lt General in his statement in the Parliament.