പ്രളയത്തില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലും മരിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തരാഖണ്ഡില്‍ ആയിരങ്ങളെ കാണാതായതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. 60,000 പേരാണ് ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടുങ്ങിയരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ 22 ഹെലികോപ്‌ടര്‍ കൂടി അയച്ചിട്ടുണ്ട്. യഥാര്‍ഥ മരണസംഖ്യ ഭീകരമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചുട്ടുണ്ട്.
ജസ്റ്റിസുമാരായ എ.കെ. പട്നായിക്, രഞ്ജന്‍ ഗൊഗോയി എന്നിവരുടെ ബെഞ്ച് ദുരിതാശ്വാസ നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് 25നു സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. സുപ്രീം കോടതി പ്രളയത്തില്‍ കുടുങ്ങിയവരെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കി.
അഞ്ചുദിവസങ്ങള്‍ക്കു ശേഷം പര്‍വതമേഖലയില്‍ വീണ്ടും കനത്ത മഴയുണ്ടാകുമെന്നു കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പുനല്‍കി. യമുനയിലെ ജലനിരപ്പ് 206.83 മീറ്ററായി കുറഞ്ഞെങ്കിലും അപകടനിരപ്പിനു മുകളിലാണ്. ഡല്‍ഹിയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ അയ്യായിരത്തോളം പേരുണ്ട്.
ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ കേദാര്‍നാഥ് - ബദരീനാഥ് തീര്‍ത്ഥാടനയാത്ര മൂന്നുവര്‍ഷത്തേക്ക് നിര്‍ത്തി വച്ചു. കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കനത്ത നാശനഷ്‌ടമുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
രണ്ടിടങ്ങളിലും കനത്ത നാശനഷ്‌ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. അനേകം വിശ്വാസികള്‍ സന്ദര്‍ശനം നടത്തുന്ന ഈ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ശേഷിക്കുന്നത് രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണെന്നും അടുത്ത മൂന്ന് വര്‍ഷത്തേക്ക് യാത്ര നടക്കില്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന സൂചന.