ഹോഷിയാപുര്‍|
Last Updated:
ശനി, 21 ജൂണ്‍ 2014 (16:01 IST)
ഇറാഖില്‍ തൊഴിലിനായി എത്തുന്ന ഇന്ത്യക്കാരെ നിര്‍മ്മാണക്കമ്പനികളുടെ ഏജന്റുമാര്‍ക്ക് 400 ഡോളറിന് വിറ്റിരുന്നതായും രാവിലെ 6 മുതല്‍ അര്‍ദ്ധരാത്രി 2 മണി വരെ ജോലിയെടുപ്പിച്ചിരുന്നതായും ഇറാഖില്‍ സുന്നി ഭീകരര്‍ തട്ടിക്കൊണ്ടുപോയ കരംജിത്തിന്റെ ഇളയസഹോദരന് പരംജിത്ത്. മുമ്പ് പരംജിത്തും ഇറാഖില്‍ ജോലി നോക്കിയിട്ടുണ്ട്.
എട്ടുമാസങ്ങള്‍ക്കു മുന്‍പ് ഇന്ത്യയില്‍ തിരിച്ചെത്തിയ പരംജിത്തിനു തിരികെപ്പോകാന്‍ സാധിച്ചിരുന്നില്ല. ചിലരെ മോചിപ്പിച്ചതൊഴിച്ചാല്‍ ബന്ദികളില്‍ ഭൂരിപക്ഷവും ഭീകരരുടെ പിടിയില്‍ തന്നെയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും പരംജിത്ത് പറയുന്നു.
18 മാസങ്ങള്ക്കുമുന്പാണ് കരംജിത്ത് ഇറാഖിലേക്ക് പോയത്. ഇറാഖിലെ തെഹ്രാക്ക് നൂര്‍ അല്‍ ഹുദാ എന്ന നിര്‍മ്മാണ കമ്പനിയിലാണ് കരംജിത്ത് ജോലി ചെയ്തിരുന്നത്. അവസാനമായി ജൂണ്‍ 15നാണ് പരംജിത്തുമായി സംസാരിച്ചത്. അതിനുശേഷം ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഭീകരര്‍ ബന്ദികളാക്കിയവരെപ്പറ്റി യാതൊരു വിവരവുമില്ലെന്നാണ് പറഞ്ഞതെന്നും പരംജിത്ത് പറയുന്നു.
ഭീകരുടെ പിടിയിലായ തന്റെ സഹോദരനുള്പ്പടെയുള്ളവര് എവിടെ എന്നുള്ളതിനുള്ള വ്യക്തതയില്ലായ്മ ഭയപ്പെടുത്തുന്നതായും പരംജിത്ത് പറയുന്നു. ഭീകരര്‍ തട്ടിക്കോണ്ടുപോയ 91 പേരില്‍ 42 ഇന്ത്യക്കാര്‍ ഇപ്പോഴും ഭീകരുടെ കസ്റ്റഡിയില്‍ തന്നെയാണ്.