ഇറാഖില്‍ ഭീകരര്‍ രാസായുധ നിര്‍മാണശാല പിടിച്ചെടുത്തു

ബാഗ്ദാദ്| Last Modified ശനി, 21 ജൂണ്‍ 2014 (12:14 IST)
ഇറാഖില്‍ ഭീകരര്‍ രാസായുധ നിര്‍മാണശാല പിടിച്ചെടുത്തു. കടുത്ത പോരാട്ടത്തിനൊടുവിലാണ് രാസായുധശാലയുള്ള അല്‍ മുത്താനാ കെട്ടിട സമുച്ചയം ഭീകരര്‍ പിടിച്ചെടുത്തത്. ഇവിടെനിന്ന് രാസായുധം നിര്‍മിച്ച് ഉപയോഗിക്കാന്‍ ഭീകരര്‍ക്കാവില്ലെന്നാണ് പ്രാഥമിക നിഗമനം.

1980-ല്‍ സദ്ദാം ഹുസൈന്‍ അധികാരമേറ്റയുടന്‍ ആരംഭിച്ച രാസായുധ ശാലയാണിത്. രാസായുധമായി ഉപയോഗിക്കുന്ന സരിന്‍ ഉള്‍പ്പെടെ ഇവിടെ ഉത്പാദിപ്പിച്ചിരുന്നു. എന്നാല്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തിനു ശേഷം ഇവിടെ രാസായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്നാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ റിപ്പോര്‍ട്ട്.

അതിനിടെ, സിറിയന്‍ അതിര്‍ത്തിയിലുള്ള ഇറാഖ് നഗരമായ അല്‍ക്വയിമില്‍ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. ഇവിടെ പ്രധാനഭാഗങ്ങള്‍ ഭീകരര്‍ കൈയടക്കി. ഇവിടെനിന്ന് ജനങ്ങള്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇറാഖിലെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടല്‍ തുടരുകയാണ്. വടക്കന്‍ നഗരമായ തല്‍ അഫറാണ് ഇതില്‍ പ്രധാനം. ഇവിടെ പ്രധാനസ്ഥഥലങ്ങള്‍ ഭീകരരുടെ കൈവശമാണ്. അതേസമയം നിയന്ത്രിത ആക്രമണങ്ങള്‍ നടത്തുമെങ്കിലും ഇറാഖിലേക്ക് സേനയെ അയയ്ക്കില്ലെന്ന് ഒബാമ വ്യക്തമാക്കിയിരുന്നു. ആക്രമണത്തില്‍നിന്ന് പിന്നോട്ടുപോയ അമേരിക്കയുടെ നിലപാടിനെ ഇറാന്‍ വിമര്‍ശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :