ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റിലിരുന്നുള്ള യാത്ര ഇനി നടക്കില്ല; പുതിയ നിയമവുമായി സര്‍ക്കാര്‍

ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല

ബംഗളൂരു| സജിത്ത്| Last Updated: ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (14:18 IST)
100 സിസിയില്‍ കുറഞ്ഞ ഇരുചക്രവാഹനങ്ങളില്‍ ഇനി പിന്‍സീറ്റിലിരുന്നുള്ള യാത്ര അനുവദിക്കില്ല. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്യാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയതായി നിരത്തിലിറക്കുന്ന വാഹനങ്ങള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക.

നിലവിലുള്ള വാഹനങ്ങളെ ഈ നിയമം ബാധിക്കില്ലെന്നും ഗതാഗത കമ്മിഷണര്‍ ബി. ദയാനന്ദ വ്യക്തമാക്കി. സ്ത്രീകള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ഭൂരിഭാഗവും 100 സിസിയില്‍ കുറവാണ്. അതിനാല്‍ പിന്‍സീറ്റിലെ യാത്രാവിലക്കിനുള്ള പരിധി 100 സിസിയില്‍നിന്ന് 50 സിസിയായി കുറയ്ക്കുന്നകാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുമെന്നും ദയാനന്ദ വ്യക്തമാക്കി.

ബംഗളൂരുവില്‍മാത്രം 49 ലക്ഷത്തിലേറെ ഇരുചക്രവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകയില്‍ 1.85 കോടിയോളം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. മറ്റു സംസ്ഥാനങ്ങളിലെ നിയമം പരിശോധിച്ചും വിദഗ്‌ധോപദേശം തേടിയ ശേഷവുമായിരിക്കും ഈ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :