ആരെയും പിന്തുണയ്ക്കില്ലെന്നും ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്‌രിവാള്‍. ഡല്‍ഹിയില്‍ പ്രതിക്ഷത്തിരിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ജനങ്ങളുടെ വിജയമാണെന്നും കേജ്‌രിവാള്‍ പ്രതികരിച്ചു.
നാല് സംസ്ഥാനങ്ങളിലും ബി ജെ പിയുടെ മുന്നേറ്റം. രണ്ടിടങ്ങളില്‍ ആരും ചോദ്യം ചെയ്യാനില്ലാതെ അധികാരമുറപ്പിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അതിദയനീയമായാണ് ബി ജെ പിയോട് പരാജയപ്പെട്ടത്. വികസനത്തിന്‍റെ പാതയിലൂടെ സഞ്ചരിച്ചാണ് ‘ജനങ്ങളുടെ മുഖ്യമന്ത്രി’ എന്ന് വിളിപ്പേരുള്ള ശിവരാജ് സിംഗ് ചൌഹാന്‍ മൂന്നാം തവണയും മധ്യപ്രദേശില്‍ താമര വിരിയിക്കുന്നത്. ഛത്തീസ് ഗഡിലും ബി ജെ പി മുന്നിട്ട് നില്‍ക്കുന്നു. ഡല്‍ഹിയിലും ബി ജെ പി അധികാരത്തിലെത്തുമെന്നാണ് സൂചന.
ഡല്‍ഹിയില്‍ കനത്ത തിരിച്ചടിയേറ്റുവാങ്ങിയതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് രാജിവച്ചു. ഷീലാ ദീക്ഷിത് രാജി സമര്‍പ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 22000 വോട്ടുകള്‍ക്ക് ന്യൂഡല്‍ഹി മണ്ഡലത്തില്‍ ഷീലാ ദീക്ഷിത് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോട് പരാജയപ്പെട്ടിരുന്നു. മാത്രമല്ല, ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് ലീഡുനില ഒറ്റസംഖ്യയില്‍ ഒതുങ്ങുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ ലീഡില്‍ മുന്നില്‍ നിന്നിരുന്ന ഷീലാ ദീക്ഷിത് പിന്നീട് പിന്നിലേക്ക് പോകുകയായിരുന്നു. രൂപീകൃതമായി ഒരു വര്‍ഷം പോലും തികയാത്ത ആം ആദ്മി പാര്‍ട്ടി അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഷീലാ ദീക്ഷിതിനെപ്പോലെ ശക്തയായ ഒരു മുഖ്യമന്ത്രിയെ തന്നെ തറപറ്റിക്കാനായി എന്നത് വിജയത്തിന്‍റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയത്തുതന്നെ ഷീലാ ദീക്ഷിതിനെതിരെ മത്സരിക്കുമെന്ന് അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ കേജ്‌രിവാളിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ ഷീലാ ദീക്ഷിതിനെതിരെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മാത്രമേ മത്സരിക്കുകയുള്ളൂ എന്ന് കേജ്‌രിവാള്‍ പ്രഖ്യാപിക്കുകയായിരുന്നു. ആ ദൃഢനിശ്ചയമാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ വിജയക്കൊടി പാറിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ 33 ഇടങ്ങളില്‍ ബി ജെ പിയും 26 ഇടങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് ഡല്‍ഹിയില്‍ നിന്നും കാണാനാകുന്നത്. ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നു.
രാജസ്ഥാനിലെ വമ്പന്‍ വിജയത്തിന് ബി ജെ പി നേതാവ് വസുന്ധരരാജെ സിന്ധ്യ ജനങ്ങളോട് നന്ദി പറഞ്ഞു. ജനങ്ങളുടെ വിജയമാണ് ഇതെന്ന് വസുന്ധരരാജെ പറഞ്ഞു. നരേന്ദ്രമോഡി ഈ വിജയത്തിലെ വലിയ ഘടകമാണെന്നും അവര്‍ പറഞ്ഞു. നരേന്ദ്രമോഡി ഗുജറാത്തില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. ഈ തെരഞ്ഞെടുപ്പ് ഫലം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്നും വസുന്ധ പറഞ്ഞു.
രാജസ്ഥാനില്‍ 156 സീറ്റുകളില്‍ ബി ജെ പിയും 24 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മുന്നിട്ട് നില്‍ക്കുന്നു. രാജസ്ഥാനില്‍ അശോക് ഗലോട്ട് സര്‍ക്കാരിന്‍റെ ജനകീയ പദ്ധതികളൊന്നും ജനങ്ങള്‍ കാര്യമായെടുത്തില്ല എന്നതിന്‍റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ അതിന്‍റെ നേട്ടമുണ്ടായില്ല എന്ന് അശോക് ഗലോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഛത്തീസ്ഗഡില്‍ ബി ജെ പി മുന്നിലാണ്. 45 സീറ്റുകളില്‍ ബി ജെ പി മുന്നില്‍ നില്‍ക്കുകയാണ്. 42 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. മറ്റുള്ള കക്ഷികള്‍ രണ്ട് സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. ബി ജെ പി അധികാരം നിലനിര്‍ത്തുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും. മധ്യപ്രദേശില്‍ 157 സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുമ്പോള്‍ 62 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.