ലൈംഗികാപവാദ കേസില്‍ തരുണ്‍ തേജ്പാലിനെതിരെ വീണ്ടും ആരോപണവുമായി പരാതിക്കാരി. തേജ്പാല്‍ തന്റെ അധികാരവും സ്വത്തും സ്ഥാപനവും സ്വാധീനങ്ങളും നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിജീവനത്തിലുള്ള പോരാട്ടത്തിലാണ് താനെന്ന് പരാതിക്കാരി. അഭിമാനവും മാനവും സംരക്ഷിക്കാനാണ് തന്റെ പോരാട്ടം. തേജ്പാലിനെതിരെ പരാതി നല്‍കിയതോടെ തനിക്കു ജോലി നഷ്ടപ്പെട്ടു എന്നു മാത്രമല്ല, ജീവിതോപാധിയും ഇല്ലാതായി. കാലങ്ങളായി അമ്മയുടെ മാത്രം വരുമാനത്തില്‍ ആശ്രയിച്ചു കഴിഞ്ഞിരുന്നതാണ് തന്റെ കുടുംബം. ആശിച്ചു നേടിയ ജോലിയാണ് തേജ്പാല്‍ മൂലം തനിക്ക് നഷ്ടമായത്. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നു പുറത്തുവിട്ട പുതിയ പ്രസ്താവനയിലാണ് യുവതി തേജ്പാലിനെ വീണ്ടും കുറ്റപ്പെടുത്തുന്നത്.
പൊതുസമൂഹത്തില്‍ നിന്ന് ലഭിച്ച പിന്തുണയ്ക്ക് നന്ദിയുണ്ട്. എന്നാല്‍ തന്റെ പരാതി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രാഷ്ട്രീയ ഗൂഡാലോചനയാണെന്ന വിധത്തിലുള്ള പരാമര്‍ശങ്ങളില്‍ ദുഃഖമുണ്ട്. സ്ത്രീകളുടെ ശരീരത്തിന്മേലുള്ള അവകാശം അവര്‍ക്കു മാത്രമാണ്. തനിക്കു നേരെ നടന്നത് ലൈംഗിക അതിക്രമമാണ്. അതിനെ മാനഭംഗമായി ചിത്രീകരിക്കുന്നത് ശരിയല്ല. ബലാത്സംഗത്തിന്റെ ഇര എന്നറിയപ്പെടാനും തനിക്ക് താല്‍പര്യമില്ലെന്നും യുവതി വ്യക്തമാക്കി.