ആരുഷി- ഹേംരാജ് ഇരട്ട കൊലപാതക്കേസില്‍ ആരുഷിയുടെ മാതാപിതാക്കളായ ഡോ രാജേഷ് തല്‍വാറും നുപുരും മാത്രമാണ് പ്രതികളെന്ന് സിബിഐ. കേസില്‍ സിബിഐയുടെ അന്തിമ വാദം പൂര്‍ത്തിയായി. കത്തിയും ഗോള്‍ഫ് കളിക്കുന്ന ദണ്ഡും ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും സിബിഐ വ്യക്തമാക്കി. 14 വയസ്സുള്ള മകളെയും വീട്ടുജോലിക്കാരനായ ഹേംരാജിനെയും കൊലപ്പെടുത്തിയ തല്‍വാര്‍ ദമ്പതികള്‍ സമര്‍ഥമായി തെളിവും നശിപ്പിച്ചുവെന്ന് സിബിഐ അറിയിച്ചു.
തെളിവു നശിപ്പിച്ച ദമ്പതികള്‍ മകളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറെ സ്വാധീനിക്കാനും ശ്രമിച്ചിരുന്നു. കൊലപാതകം നടക്കുമ്പോള്‍ ഉറങ്ങുകയായിരുന്നുവെന്നും അതിനാല്‍ സംഭവത്തെകുറിച്ച് അറിവില്ലെന്നുമുള്ള തല്‍വാര്‍ ദമ്പതികളുടെ വാദം തെറ്റാണെന്ന് സിബിഐ കണ്ടെത്തി. സംഭവം നടന്ന രാത്രി പുലരുവോളം ഇവര്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വീട്ടിലെ സ്റ്റെയര്‍കേസില്‍ നിന്നും കണ്ടെത്തിയ രക്തക്കറയും വിരലടയാളവും തല്വാറിലേക്കാണ് എത്തുന്നതെന്നും സിബിഐ വ്യക്തമാക്കി.
2008 മെയ് 16നാണ് ആരുഷിയെ നോയിഡയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തുകയായിരുന്നു.