ആന്റണി തലയില്‍ കൈവെച്ചിരുന്നത് എന്തിന്?!

AK Antony
ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
നിലവാരമില്ലാത്ത ടാട്ര ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ലഭിച്ചെന്ന കരസേനാ മേധാവി ജനറല്‍ വികെ സിംഗിന്റെ പ്രസ്താവന കേട്ടപ്പോള്‍ തലയില്‍ കൈവെച്ചിരുന്നു എന്ന ആന്റണി വെളിപ്പെടുത്തിയതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍. വികെ സിംഗ് നടത്തിയ ഗുരുതരമായ ആരോപണവുമായി ബന്ധപ്പെട്ട് ഒരു കത്ത്, സോണിയയുടെ നിര്‍ദേശപ്രകാരം ഗുലാം നബി ആസാദ് 2009 ഒക്ടോബര്‍ അഞ്ചിന്‌ ആന്റണിക്കു കൈമാറിയെന്ന വെളിപ്പെടുത്തല്‍ പുറത്ത് വന്നതോടെ, ആരോപണത്തെ പറ്റി തനിക്കറിയില്ല എന്ന ആന്റണിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ് എന്ന് പ്രതിപക്ഷം ആരോപിക്കുനു.

കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ ട്രേഡ്‌ യൂനിയന്‍ നേതാവ്‌ ഡി ഹനുമന്തപ്പ 2009-ലാണ്‌ 6000 കോടിയുടെ ടാട്ര ട്രക്ക്‌ ഇടപാടില്‍ അഴിമതിയുണ്ടെന്ന് കാണിച്ച്‌ സോണിയയ്ക്ക് പരാതി നല്‍കിയത്‌. അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ സോണിയ കത്ത്‌ കേന്ദ്ര ആരോഗ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഗുലാംനബി ആസാദിനു കൈമാറി. സോണിയയുടെ നിര്‍ദേശപ്രകാരം ഗുലാംനബി 2009 ഒക്ടോബര്‍ അഞ്ചിന്‌ ആന്റണിക്കു കത്തു നല്‍കി. ഇക്കാര്യം അന്വേഷണത്തിലാണെന്ന് കാണിച്ചു പ്രതിരോധമന്ത്രാലയം 2009 ഒക്ടോബര്‍ 22-നു ഗുലാം നബിക്ക്‌ മറുപടിയും നല്‍കി.

കരസേനാമേധാവി പരാതി നല്‍കാത്തതിനാല്‍ നടപടിയെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായി എന്ന് പറഞ്ഞ് കൈകഴുകിയ ആന്റണിക്ക്‌ ഇതിനു രണ്ടുവര്‍ഷം മുമ്പുതന്നെ ടാട്ര ഇടപാടിലെ ക്രമക്കേട്‌ സംബന്ധിച്ച്‌ കേന്ദ്രമന്ത്രി ഗുലാംനബി ആസാദിന്റെ രേഖാമൂലമുള്ള കത്ത്‌ ലഭിച്ചിരുന്നു. പിന്നെ എന്തിനായിരുന്നു ജനറല്‍ സിംഗിന്റെ വെളിപ്പെടുത്തല്‍ കേട്ട്‌ ആന്റണി തലയില്‍ കൈവച്ചിരുന്നതെന്നാണു പ്രതിപക്ഷം ചോദിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :