ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപം അടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ യുപിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് മമത ഭീഷണി മുഴക്കിയിരിക്കുന്നത്. ഡല്‍ഹി ജന്തര്‍ മന്തറില്‍ പാര്‍ട്ടി സംഘടിപ്പിച്ച പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.
എതിര്‍ക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് ഒതുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. വിലക്കയറ്റത്തിലൂടെ മുറിവേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ താന്‍ ആരെയും ഭയക്കുന്നില്ല. കോണ്‍ഗ്രസ് ആണ് തന്നെ ഭയക്കുന്നത്. വേണ്ടിവന്നാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും മമത പറഞ്ഞു.
വിദേശനിക്ഷേപം ചെറുകിട വ്യവസായത്തെ കാര്യമായി ബാധിക്കും. ഇത് തൊഴിലില്ലായ്മയ്ക്ക് കാരണമാകും എന്നും മമത ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത വ്യക്തമാക്കി.