ലോക്സഭയില് യു പി എ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂലിന്‍റെ പിന്തുണ മമത ബാനര്‍ജി തന്നെയാണ് പ്രഖ്യാപിച്ചത്. 19 എം പി മാരാണ് തൃണമൂലിനുള്ളത്. 12 അംഗങ്ങളാണ് അവിശ്വാസപ്രമേയത്തിന് കത്തുനല്‍കിയിരിക്കുന്നത്. തൃണമൂല്‍ എം പിമാരെയും ചേര്‍ത്താല്‍ ഇപ്പോള്‍ തന്നെ പ്രമേയത്തിന് 31 പേരുടെ പിന്തുണ നിലവിലുണ്ട്.
അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് 50 പേരുണ്ടെങ്കില്‍ പ്രമേയം ചര്‍ച്ചയ്ക്കെടുക്കേണ്ടിവരും. ബി ജെ പിയോ ഇടതുപക്ഷമോ ഇതുവരെ പ്രമേയത്തെ പിന്തുണച്ചിട്ടില്ല. ചില സ്വതന്ത്രരും ഒരംഗം മാത്രമുള്ള പാര്‍ട്ടികളും മറ്റും ഈ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് സൂചന.
അവിശ്വാസ പ്രമേയം സംബന്ധിച്ച് ഇന്ന് തീരുമാനമായില്ല. അവിശ്വാസം പ്രകടിപ്പിച്ചുള്ള കത്ത് ലഭിച്ചതായി സ്പീക്കര്‍ മീരാകുമാര്‍ അറിയിച്ചെങ്കിലും അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഇന്നത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. അവിശ്വാസപ്രമേയത്തിന്‍റെ കാര്യത്തില്‍ ബുധനാഴ്ച രാവിലെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തെലങ്കാന, ടു ജി വിഷയങ്ങളിലാണ് ലോക്സഭയില്‍ വലിയ ബഹളമുണ്ടായത്. കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് 84 എംപിമാരുടെ പിന്തുണ ലഭിച്ചതായി തെലുങ്കുദേശം അറിയിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്പ് വിശ്വാസവോട്ട് തേടാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സീമാന്ധ്രയില്‍ നിന്നുള്ള ആറ് കോണ്‍ഗ്രസ് എംപിമാരാണ് സ്പീക്കര്‍ക്ക് കത്തു നല്‍കിയത്. ഇതോടൊപ്പം ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങളും കത്തുനല്‍കിയിരുന്നു.
തെലങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയതു മുതല്‍ ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാരില്‍ നിന്നുതന്നെ പ്രതിഷേധങ്ങള്‍ നേരിട്ടു വരുന്നതാണ്. തെലങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ സീമാന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ രാജിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയും തെലങ്കാനയ്ക്ക് എതിരാണ്. ഈ മേഖലയില്‍ നിന്നുള്ള കേന്ദ്രമന്ത്രി ചിരഞ്ജീവി നേരത്തെ തന്നെ രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തിരുന്നു. പതിനഞ്ചാമത് ലോക്‌സഭയില്‍ ഇതുവരെ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടന്നിട്ടില്ല. ഒരു വര്‍ഷം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അവിശ്വാസപ്രമേയം കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.