ആരെയും പിണക്കാന്‍ മമ്മൂട്ടിയില്ല, രാഷ്ട്രീയത്തിലിറങ്ങില്ല!

WEBDUNIA|
PRO
മമ്മൂട്ടി രാഷ്ട്രീയത്തിലിറങ്ങുന്നു എന്നും അഭിനയം നിര്‍ത്തുന്നു എന്നുമുള്ള വാര്‍ത്തയാണ് ഇന്ന് ആരാധകരുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് സൈബര്‍ ലോകത്താകെ പ്രചരിച്ചത്. ദുല്‍ക്കര്‍ സല്‍മാന്‍ സ്വന്തം നിലയ്ക്ക് ഹിറ്റുകള്‍ നല്‍കിത്തുടങ്ങിയതും പ്രായം അറുപത് കഴിഞ്ഞതും ഇപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാല്‍ പറ്റിയ സാഹചര്യമാണെന്നുള്ളതും പരിഗണിച്ച് മമ്മൂട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു എന്നായിരുന്നു വാര്‍ത്ത.

അഭിനയം പൂര്‍ണമായും നിര്‍ത്തി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അതല്ല, രാജ്യസഭാ സീറ്റിലൂടെ പാര്‍ലമെന്‍റിലെത്താനാണ് ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അസത്യമാണെന്നും മമ്മൂട്ടി ഇത്തരത്തിലുള്ള തീരുമാനമൊന്നും എടുത്തിട്ടില്ലെന്നുമാണ് മെഗാസ്റ്റാറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

മുമ്പ് ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ മമ്മൂട്ടി തന്നെ തന്‍റെ ഫേസ്ബുക്ക് പേജില്‍ കൂടി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞടുപ്പില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മറ്റ് പാര്‍ട്ടികളില്‍ പെട്ട മമ്മൂട്ടി ആരാധകര്‍ക്ക് മനോവിഷമമുണ്ടാക്കുമെന്നും അതിന് മമ്മൂട്ടി ഇടയാക്കില്ല എന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. മാത്രമല്ല, വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്‍റെ കര്‍മ്മമേഖലയില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് യാത്ര ചെയ്യാനാണ് മഹാനടന് താല്‍പ്പര്യമെന്നും ഇവര്‍ പറയുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നുതവണ സ്വന്തമാക്കിയ മമ്മൂട്ടി ഇനിയും ഗംഭീരമായ അഭിനയവൈവിധ്യങ്ങള്‍ നല്‍കാനുള്ള അന്വേഷണത്തിലാണ്. ബാല്യകാലസഖി, പ്രെയ്സ് ദി ലോര്‍ഡ് തുടങ്ങിയ പരീക്ഷണങ്ങളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹം. രാഷ്ട്രീയത്തിലിറങ്ങി ഒന്നുമാകാതെ പോയ പ്രേംനസീര്‍, അമിതാഭ് ബച്ചന്‍, മുരളി തുടങ്ങിയവരുടെ ഉദാഹരണത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മമ്മൂട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :