ഇസ്ലാം മത സ്ഥാപകനാണ് മുഹമ്മദ് നബി. സൌദി അറേബ്യയിലെ മെക്കയില്‍ ക്രിസ്തുവര്‍ഷം 570- ലാണ് അദ്ദേഹത്തിന്റെ ജനനം. 632 ജൂണ്‍ എട്ടിന് അദ്ദേഹം മദീനയില്‍ അന്തരിച്ചു എന്നാണ് വിശ്വാസം.
അബുള്‍ കാസിം മുഹമ്മദ് ബിന്‍ അബ്ദല്ല അല്‍ ഹസല്‍ മി അല്‍ ഖുറേഷി എന്നാണ് അറബിയില്‍ അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി എന്നാണ് മുസ്ലീങ്ങളുടെ വിശ്വാസം. ആദം, എബ്രഹാം തുടങ്ങിയവരുടെ ഏകദൈവ വിശ്വാസത്തെ അവികലമാക്കി പരിഷ്കരിച്ചത് മുഹമ്മദ് നബി ആയിരുന്നു.
ഇസ്ലാമിലെ അഞ്ച് പ്രമുഖ പ്രവാചകന്മാരില് ഏറ്റവും പ്രധാനിയായാണ് മുഹമ്മദ് നബിയെ കണക്കാക്കുന്നത്. തത്വജ്ഞാനി, നയതന്ത്രജ്ഞന്, പ്രഭാഷകന്‍, കച്ചവടക്കാരന്, ഭരണകര്‍ത്താവ്, പടനായകന്, പരിഷ്കര്‍ത്താവ് എന്നിങ്ങനെ പല നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു മുഹമ്മദ് നബിയുടേത്.
ഖുര്‍ആന്‍ ആണ് മുഹമ്മദ് നബിയെ കുറിച്ചുള്ള വിശ്വാസയോഗ്യവും പ്രാമാണികവുമായ അറിവു നല്കുന്ന സ്രോതസ്സ്. നാലാം നൂറ്റാണ്ടിലെ ചരിത്രകാരന്മാരുടെ രേഖകളില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള അറിവു ലഭിക്കും.
ഖുറേഷ് ഗോത്രവര്ഗ്ഗത്തില് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. ജനിക്കുന്നതിനു മുമ്പ് തന്നെ പിതാവായ അബ്ദുള്ള അന്തരിച്ചു. നാലോ അഞ്ചോ വയസ്സ് പ്രായമുള്ളപ്പോള്‍ മാതാവും അന്തരിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ അനാഥനായിപ്പോയ അദ്ദേഹത്തിന്റെ ബാല്യം കഷ്ടത നിറഞ്ഞതായിരുന്നു. പഠിക്കാനും കഴിഞ്ഞില്ല.