സിആര്‍ രവിചന്ദ്രന്‍|
Last Modified ഞായര്‍, 26 മാര്‍ച്ച് 2023 (11:43 IST)
ഇസ്ലാമിന്റെ പഞ്ചശീലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് റംസാന്‍വ്രതം. നമസ്‌ക്കാരം(പ്രാര്‍ത്ഥന), ഹജ്ജ്, സക്കാത്ത്, അല്ലാഹുവിലുള്ള അചഞ്ചലമായ അര്‍പ്പണം എന്നിവയെപ്പോലെ പ്രധാനമാണ് റമസാന്‍ നോമ്പും. എന്നാല്‍ സ്വയം ഹൃദയശുദ്ധീകരണം നടത്തി നന്മകളെ പുണര്‍ന്ന് തിന്മകളെ വിട്ടൊഴിഞ്ഞ് ഒരു ജീവതശൈലി ഒരുവ്യക്തി കണ്ടെത്തുന്നു. വ്യക്തികളിലൂടെ ഇക്കാര്യം കുടുംബത്തിലേക്കും, ഒട്ടനേകം കുടുംബങ്ങള്‍ വഴി സമൂഹത്തിലേക്കും നന്മകളുടെ വെളിച്ചം പരക്കെ പരത്തി ഇതിന് ഒരു അനിര്‍വചനീയമായ സാമൂഹ്യമാനം കൈവരുന്നു.
ചുരുക്കത്തില്‍ വ്യക്തിജീവിതത്തിലെ ശുദ്ധീകരണവും, നന്മയെ കണ്ടെത്തുകയും വഴി സമൂഹജീവിതത്തെയാകമാനം സംശുദ്ധീകരിക്കുവാന്‍ റംസാന്‍ മാസം വഴി സാധ്യമാകുന്നതാണ് റംസാന്റെ സവിശേഷതകളിലൊന്ന്. വാക്കുകളിലും ചിന്തകളിലും പ്രവൃത്തികളിലും വിശുദ്ധികൈവരിച്ച് സൂക്ഷ്മതപുലര്‍ത്തുക വഴി, വ്യക്തികളിലൂടെ സമൂഹത്തിന്റെ വിശുദ്ധിയിലേക്ക് റമസാന്‍ ചെന്നെത്തുന്നു.