പൂര്‍ണ്ണമായും സംഗീതത്തിനായി സമര്‍പ്പിച്ച ജീവിതമായിരുന്നു മാവേലിക്കര പ്രഭാകര വര്‍മ്മയുടേത്. ഭക്തിയുടെ നൈര്‍മ്മല്യവും സമ്പ്രദായ ശുദ്ധിയുടെ പ്രൌഢിയും കലര്‍ന്ന ആലാപന ശൈലികൊണ്ട് എന്നും അദ്ദേഹം സംഗീത പ്രേമികളുടെ മനസ്സില്‍ നിറഞ്ഞുനിന്നു.
ശുദ്ധ സംഗീതത്തിന്‍റെ ഉപാസകനായിരുന്ന പ്രഭാകര വര്‍മ്മ. സാഹിത്യത്തിനു ഊന്നല്‍ നല്‍കി ചിട്ടയേറിയ സമ്പ്രദായത്തിലായിരുന്നു അദ്ദേഹം പാടിയത്.സംഗീതത്തിലെ സന്‍മാര്‍ഗ്ഗികത, വിശ്വവ്യാപകത്വം, ആത്മാര്‍ത്ഥത, വ്യക്തിത്വം, സര്‍ഗ്ഗാത്മകത എന്നീ വിശിഷ്ട ഗുണങ്ങളെല്ലാം ഒത്തു ചേര്‍ന്നിരുന്ന സംഗീതജ്ഞനായിരുന്നു അദ്ദേഹം.
ശബ്ദത്തിലും ആലാപനത്തിലും സ്വന്തമായ ശൈലി ആദ്യം മുതല്‍ തന്നെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. കീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ വരികളുടെ അര്‍ത്ഥം ശ്രോതാക്കള്‍ക്ക് മനസ്സിലാക്കാന്‍ പാകത്തിലുള്ളതായിരുന്നു ആ ശൈലി. ശബ്ദവും സംഗീതവും സരളമായിരുന്നു അതുപോലെ അദ്ദേഹത്തിന്‍റെ ജീവിതവും പെരുമാറ്റവും സരളമായിരുന്നു.
സാംഗീതത്തിന്‍റെ പുതിയ കൈവഴികള്‍ വെട്ടിത്തുറന്ന അദ്ദേഹം ആസ്വാദകരുടെ അഭിരുചികള്‍ തിരുത്തിക്കുറിച്ചു. കഥകളി പദങ്ങള്‍ അദ്ദേഹം കര്‍ണ്ണാടക രാങ്ങളിലേക്ക് ചിട്ടപ്പെടുത്തി എടുത്തു. കാമ്പോജി രാഗമായിരുന്നു ഏറ്റവും ഇഷ്ടം.
മുത്തുസ്വാമി ദീക്ഷിതരുടെ സംസ്കൃത കൃതികളെ കുറിച്ചായിരുന്നു അദ്ദേഹം കേന്ദ്ര ഫെലോഷിപ്പോടെ ഗവേഷണം നടത്തിയിരുന്നത്.