പ്രധാനമന്ത്രി സ്ഥാനാര്ഥിയെങ്കില് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ മോഡി തയ്യാറാകണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ. എവിടെപ്പോയാലും മോഡി ഗുജറാത്തിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനം ഉപേക്ഷിച്ചാല്‍ അദ്ദേഹത്തിന് ദേശീയ വിഷയങ്ങളില്‍ മാത്രം ശ്രദ്ധിക്കാന്‍ കഴിയും. ബിജെപിയുമായി അടുത്ത ബന്ധമുള്ള എംഎന്‍എസ് തലവന്റെ പ്രസ്താവന ബിജെപി നേതൃത്വത്തെ അമ്പരപ്പിലാക്കിയിട്ടുണ്ട്.
എന്നാല്‍ തന്റെ പ്രസ്താവന ഒരിക്കലും മുന്നണി സമവാക്യത്തില്‍ മാറ്റംവരുത്തില്ലെന്നും താക്കറെ സൂചിപ്പിച്ചു. ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ശിവസേനയെ നയിക്കുന്നത് രാജ് താക്കറെയുടെ ബന്ധുവായ ഉദ്ധവ് താക്കറെയാണ്. 2012 ഡിസംബറില്‍ നാലാം തവണയും ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മോഡി പ്രത്യേക അതിഥിയായ രാജ് താക്കറെ ക്ഷണിച്ചിരുന്നു. താക്കറെ 2011ല്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച സദ്ഭാവന ഉപവാസത്തില്‍ മോഡിക്കും ക്ഷണമുണ്ടായിരുന്നു.
അതേസമയം, താക്കറെയുടെ പ്രസ്താവനയെ ബിജെപി മഹാരാഷ്ട്ര നേതൃത്വം തള്ളിക്കളഞ്ഞു. മോഡിയുടെ പ്രസംഗങ്ങള്‍ എല്ലായ്പ്പോഴും ദേശീയ വിഷയങ്ങളില്‍ ഊന്നിയാണെന്നും രാജ് താക്കറെയുടെ ഉപദേശം പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ദേവേന്ദ്ര ഫദനവീസ് പറഞ്ഞു. മോദിയുടെ പ്രഭാവം വര്‍ധിക്കുന്നത് പല നേതാക്കളെയും അസ്വസ്ഥരാക്കുന്നുണ്ട്. ചെയ്യേണ്ടതും അരുതാത്താതും അദ്ദേഹത്തിന് നന്നായി അറിയാമെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.