വാഗ്ദാനങ്ങള്‍ പാഴ്‌വാക്കാകുന്നു; കേരള സ്പിന്നേഴ്സ് അടഞ്ഞുതന്നെ
WEBDUNIA|
Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (13:09 IST)
PTI
തെരഞ്ഞെടുപ്പ് കാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനമാണ് വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന കോമളപുരം കേരള സ്പിന്നേഴ്സ് തുറന്ന് പ്രവര്‍ത്തിക്കുമെന്നത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഈ വാഗ്ദാനം പഴങ്കഥയായി മാറുകയാണ് പതിവ്.
ഇക്കുറിയും മുന്നണികള്‍ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ കേരള സ്പിന്നേഴ്സിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ ഇതിനെ പുച്ഛത്തോടെ തള്ളുകയാണ്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ടി എം തോമസ് ഐസക് മുന്‍കൈയെടുത്ത് എട്ടു കോടി ചെലവില്‍ ഫാക്ടറി നവീകരിച്ചുവെങ്കിലും പ്രവര്‍ത്തനം തുടങ്ങിയില്ല.
തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കമ്പനിയുടെ അന്തകനായി മാറുകയായിരുന്നു. ഐസകിന്റെ ശ്രമഫലമായി പഴയ കെട്ടിടങ്ങള്‍ നവീകരിക്കുകയും തുരുമ്പിച്ച യന്ത്രങ്ങള്‍ മാറ്റി ആധുനിക യന്ത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഉത്തംഗ്രൂപ്പിന്റെ കൈവശമായിരുന്ന കമ്പനി കേരള ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന് കൈമാറുകയും ചെയ്തിരുന്നു. ആഘോഷമായാണ് കമ്പനിയുടെ ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനത്തിന് മുമ്പ് മുന്‍ കമ്പനിയുടെ വൈദ്യുതി കുടിശിക അടച്ചു തീര്‍ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചാണ് ഉദ്ഘാടന മാമാങ്കം നടന്നത്. എന്നാല്‍ ബദല്‍ തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ചുണ്ടായ അവഗണന കോടതി നടപടിയിലെത്തിച്ചു.
തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാരും കമ്പനി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും പാലിക്കപ്പെട്ടില്ല.