ക്രാന്തദര്‍ശിയായ എഛ്.ജി. വെല്‍സ്

T SASI MOHAN|

ആരാണ് ഹെര്‍ബര്‍ട്ട് ജോര്‍ജ്ജ് വെല്‍സ് എന്ന എഛ് ജി വെല്‍സ് ?. ഇംഗ്ളീഷ് നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍, സാമൂഹിക ശാസ്ത്രജ്ഞന്‍, ചരിത്രകാരന്‍? അതെ. ഇവയെല്ലാം ചേര്‍ന്നതാണ് വെല്‍സ്.!

ആധുനിക ശാസ്ത്ര നോവലുകളുടെ പിതാവായാണ് ചിലര്‍ അദ്ദേഹത്തെ കരുതുന്നത്. ശാസ്ത്ര കൗതുകം പിന്നീട് പതുക്കെ സാമൂഹിക വിമര്‍ശനമായി മാറുന്ന കാഴ്ചയാണ് വെല്‍സിന്‍റെ ജീവിതത്തില്‍ പിന്നീട് കണ്ടത്. അദ്ദേഹത്തിന്‍റെ ആകുലതകളും വിഹ്വലതകളും സാമൂഹിക വിമര്‍ശനങ്ങളും ലേഖനങ്ങളുമായി പുറത്തുവന്നു.

ശാസ്ത്രവും സാങ്കേതികവിദ്യയും മൂലം മാനവികതയ്കുണ്ടാകുന്ന അപകടത്തെയും അപചയത്തെയും കുറിച്ച് മുന്നറിയിപ്പു തന്ന ദാര്‍ശനിക പ്രതിഭയാണ് വെല്‍സ്. മനുഷ്യവര്‍"ത്തിന്‍റെ മാത്സര്യങ്ങളെ അദ്ദേഹം വെറുത്തു.

1946 ഓഗസ്റ്റ് 13ന് ഉറക്കത്തിലായിരുന്നു വെല്‍സിന്‍റെ അന്ത്യം. ലണ്ടനില്‍ കെന്‍റിനടുത്തുള്ള കൊച്ചു ടൗണായ ബോംലിയില്‍ 1866 ലാണ് വെല്‍സ് ജനിച്ചത്. ജീവശാസ്ത്രത്തിലായിരുന്നു ബിരുദം.

ബിരുദപഠനം പൂര്‍ത്തിയാകാതെ കോളേജ് വിട്ട വെല്‍സ് കുറെക്കാലം പലയിടത്തും പഠിപ്പിച്ചു നടന്നു. എഴുതിത്തുടങ്ങുകയും ചെയ്തു. 1890 ലാണ് ബിരുദം നേടുന്നത്. അടുത്ത കൊല്ലം ലണ്ടനില്‍ താമസമുറപ്പിച്ചു. കസിനായ ഇസബെല്ലിനെ വിവാഹം കഴിച്ചു.

ശാസ്ത്ര നോവലുകള്‍ രചിച്ചു തുടങ്ങിയ അദ്ദേഹം പേരും പെരുമയും പണവുമുണ്ടാക്കി. അദ്ദേഹത്തിന്‍റെ ഒട്ടേറെ കൃതികള്‍ക്ക് ചലചിത്ര ആവിഷ്കാരവുമുണ്ടായി. 1893 ആയപ്പോഴേക്കും വെല്‍സ് എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രതിഷ്ഠ നേടി. 1895 ല്‍ തന്‍റെ മിടുക്കിയായ വിദ്യാര്‍ത്ഥിനി ആന്‍ കാതറീനെ സ്വന്തമാക്കാന്‍ ഇസബെല്ലയുമായുള്ള ബന്ധം ഒഴിഞ്ഞു.

വിദ്യാഭ്യാസം കൂടുമ്പോഴും വിവിധ സമൂഹങ്ങളെ ഉന്‍മൂലനം ചെയ്യാനും പരസ്പരം കൊന്നുമുടിക്കാനും ആളുകള്‍ക്ക് വാസന കൂടിവരുന്നതായി അദ്ദേഹം ആശങ്കപ്പെട്ടു. വിദ്യാഭ്യാസവും ദുരന്തങ്ങളും തമ്മിലുള്ള മത്സരമാവുകയാണ് മനുഷ്യന്‍റെ ചരിത്രം എന്നദ്ദേഹം വിലപിച്ചു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിച്ച വെല്‍സിനെ ചിലര്‍ കളിയാക്കി. വിവരക്കേടെന്ന് ആക്ഷേപിച്ചു. അണ്വായുധങ്ങളും മറ്റും മനുഷ്യരാശിയുടെ നാശത്തില്‍ കലാശിക്കുമെന്നും മറ്റുമുള്ള അദ്ദേഹത്തിന്‍റെ വിലയിരുത്തലുകള്‍ പുച്ഛിച്ചുതള്ളി.


ഭാവനയും കൗതുകവും നര്‍മ്മവും കലര്‍ന്നതായിരുന്നു വെല്‍സിന്‍റെ ആദ്യകാല രചനകള്‍.
ദി ഇന്‍വിസിബിള്‍ മാന്‍, ദി വാര്‍ ഓഫ് ദി വേള്‍ഡ്സ് ി ടൈം മഷീന്‍, ദി ഐലന്‍റ് ഓഫ് ഡോക്ടര്‍ മൊറെയൂ, ദി ഫസ്റ്റ് മെന്‍ ഇന്‍ തെ മൂണ്‍ എന്നിവയും ഒട്ടേറെ ചെറുകഥകളും വെല്‍സിന്‍റെതായുണ്ട്.

മാനവരാശിയുടെ ഭാവിയില്‍ അവിശ്വാസവും നൈരാശ്യവും പ്രകടിപ്പിക്കുന്ന മൈന്‍ഡ് അറ്റ് ദി എന്‍ഡ് ഓഫ് ഇറ്റ്സ് ടീത്തര്‍ എന്ന പുസ്തകമാണ് (1945) വെല്‍സ് ഒടുവിലെഴുതിയത്.

സ്റ്റാലിന്‍, മുസ്സോളിനി, ഹിറ്റ്ലര്‍ എന്നിവരുടെ ജീവിതം വിലയിരുത്തി ആധുനിക ഏകാധിപതികള്‍ ഉണ്ടാകുന്നതെങ്ങനെ എന്ന് മനശാസ്ത്രപരമായി അപഗ്രഥിക്കുന്ന പുസ്തകമാണ് 1933 ല്‍ രചിച്ച ദി ഹോളി ടെറര്‍.

ബര്‍ണാഡ് ഷാ അംഗമായിരുന്ന ഫാബിയന്‍ സൊസൈറ്റിയില്‍ ചേര്‍ന്ന വെല്‍സ് അഭിപ്രായവ്യത്യാസം മൂലം അവിടെനിന്നും തെറ്റിപ്പിരിഞ്ഞു. ഈ അനുഭവമാണ് ദി ന്യൂ മെക്യാവില്ലി എന്ന നോവലിനാധാരം. പ്രമുഖ ഫാബിയന്‍മാരുടെ മുഖചിത്രങ്ങള്‍ ഇതില്‍ വായിക്കാം.

ദി ഔട്ട്ലൈന്‍ ഓഫ് ഹിസ്റ്ററി (1920), ദി സൈന്‍സ് ഓഫ് ലൈഫ് (1929-39), ദി എക്സ്പെരിമെന്‍റ് ഇന്‍ ഓട്ടോബയോഗ്രഫി (1934) എന്നിവയും ശാസ്ത്ര ബദ്ധമല്ലാത്ത രചനകളാണ്.

കാര്യങ്ങള്‍ മനസ്സിലാക്കി സ്വയം തിരുത്തുക. അല്ലെങ്കില്‍ അനുഭവിക്കൂക എന്നായിരുന്നു വെല്‍സിന് പറയാനുണ്ടായിരുന്നത്. വെല്‍സ് മരിച്ച് അരനൂറ്റാണ്ട് തികയാന്‍ പോകുന്നു. അന്നദ്ദേഹം പറഞ്ഞുവച്ചത് എത്ര ശരി എന്ന് നാമിപ്പോള്‍ ഓര്‍ക്കുന്നു. മഹാനായ ആ മനുഷ്യസ്നേഹിയെ, ദാര്‍ശിനികനെ മനസാ സ്മരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :