നിലമുഴുന്ന കര്‍ഷകന്‍ കാളിദാസന്‍റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കും. ഒരിക്കലും ഒരാളിന്‍റെ മുന്നിലും വികെ.എന്നിന്‍റെ കഥാപാത്രങ്ങള്‍ തോല്‍ക്കുന്നില്ല; ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കഥാകാരനെപ്പോലെ തന്നെ.
പ്രേമം കൈകാര്യം ചെയ്യാത്ത നോവലിസ്റ്റാണ് വി.കെ. എന്‍. ജീവിതത്തോട് അടുപ്പം കാണിക്കലല്ല, ജീവിതത്തെ വേര്‍തിരിഞ്ഞു നിന്നു കാണലായിരുന്നു അദ്ദേഹത്തിനിഷ്ടം. അതുകൊണ്ടദ്ദേഹം നായികമാര്‍ക്കൊക്കെ മദ്ധ്യകാല മണിപ്രവാള നായികമാരുടെ മുഖച്ഛായ നല്‍കി.
ഗ്രാമീണരുടെ ദുരിതങ്ങള്‍ കേട്ട പയ്യന്‍ കണ്ണീര്‍ വരാതിരിക്കാനായി ചിരിക്കുന്നു. ചിരി കണ്ണീരിനു മറ സൃഷ്ടിക്കുന്നു. കണ്ണുരുട്ടിയും ചിരിയും ഒന്നാകുമ്പോള്‍ ഹാസ്യം ജീവിത വിശദീകരണവും വ്യാഖ്യാനവുമായി മാറുന്നു. കണ്ണുനീരോ ചിരിയോ എന്ന് വ്യവഛേദിക്കാനാവാത്ത ഹാസ്യം വി.കെ. എന്‍. രചിച്ചു.
സ്വാതന്ത്രലബ്ധിയെ തുടര്‍ന്ന് സര്‍വ്വരംഗങ്ങളിലും അഴിമതിയും സ്വജനപക്ഷപാതവും തലനീട്ടാന്‍ തുടങ്ങിയപ്പോള്‍ തന്നില്‍ നിറയുന്ന ക്രോധത്തെ ആവിഷ്കരിക്കാന്‍ വി.കെ. എന്‍. മുമ്പുണ്ടായിരുന്ന രചന നിയമങ്ങളെ മുഴുവന്‍ അട്ടിമറിച്ചു.
വേണ്ടുവോളം തിന്നും കുടിച്ചും ഉറങ്ങിയും തൃപ്തിയോടെ മരിച്ച പയ്യന്‍ ശവമഞ്ചത്തില്‍ എഴുന്നേറ്റിരുന്ന് ശവവാഹകരോട് -അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ- എന്ന് ചോദിച്ചു (കഥ- നിലനില്‍പീയം)
അതാണ് വി.കെ. എന്‍.രാജഭരണത്തിന് പകരം ജനാധിപത്യഭരണം വന്നപ്പോള്‍ സാഹിത്യം വിദൂഷകനില്‍ നിന്ന് വി.കെ. എന്‍. ഏറ്റെടുത്തു. അദ്ദേഹം രാജസേവകന് പുതിയ വ്യാഖ്യാനങ്ങളൊരുക്കി. അതാകുന്നു വി.കെ. എന്‍. സാഹിത്യം.