മലയാള ചലച്ചിത്ര ഗാനശാഖയിലെ തിളങ്ങുന്നൊരു മുത്താണ് ഈ ഗാനം. മലയാള സിനിമാ ഗാന രംഗത്ത് തനി ഗ്രാമ്യ പദാവലി കൊണ്ട് വിശ്വദര്‍ശനം സാധിച്ച അനുഗൃ ഹീത കവി പി.ഭാസ്കരന്റെ വരികളാണിത്.
കവിതയും പാട്ടും പച്ചമലയാളത്തിലായാല്‍ പുളിക്കുകയല്ല മധുരമേറുകയാണ് ചെയ്യുക എന്നദ്ദേഹം തെളിയിച്ചു. സാധാരണക്കാരന്റെ ഹൃ ദയ വികാരങ്ങളെ ലളിത സുന്ദരമായി പാട്ടിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും മനോഗതങ്ങളും പ്രണയാഭിലാഷങ്ങളും ഭാവനകളും ഹൃദയ വ്യഥകളും നൊമ്പരങ്ങളും എല്ലാം അദ്ദേഹം പാട്ടില്‍ പകര്‍ത്തി.
കഥാപാത്രങ്ങള്‍ക്ക് ചേരും വിധം പാട്ടെഴുതാന്‍ പി.ഭാസ്കരനെ പോലെ മറ്റൊരാള്‍ മലയളത്തില്‍ ഉണ്ടായിട്ടില്ല. കഥാപാത്രങ്ങളുടെ സമൂഹത്തിലെ പദവിയും സ്ഥാനമാനങ്ങളും അവരുടെ വ്യക്തിത്വത്തിന്റെ വികാസവും പോരായ്മകളും എല്ലാം പാട്ടിന്റെ വരികളില്‍ പ്രതിഫലിക്കുമായിരുന്നു.
കുട നന്നാക്കുന്ന മുസ്ളീം കഥാപാത്രം പാടുന്ന പാട്ടാണ് നീലക്കൂയിലിലെ കായലരികത്ത് വലയെറിഞ്ഞപ്പോള്‍.. എന്നത്. അതിലെ ഓരോ വരിയും അത്തരമൊരു കഥാപാത്രത്തിന് മാത്രം പാടാന്‍ കഴിയും വിധം കഥാസന്ദര്‍ഭവുമായും കഥാപാത്രവുമായും ഇഴുകി ചേര്‍ന്നിരിക്കുന്നു.
ഹൃദയം ശീലക്കുടയുടെ കമ്പിപോലെ വലിഞ്ഞുപോകുന്നു, വേറെയാണ് വിചാരമെങ്കില് നേരമായത് ചൊല്ലുവാന്‍ വെറുതെയെന്തിന് എരിയും വെയിലത്ത് കൈലും കുത്തി നടക്ക്ണ് എന്നും ഭാസ്കരന് ചോദിക്കുന്നു.
ഈ കൈലുംകുത്തി നടക്കല്‍ മലബാറിലെ മുസ്ളീങ്ങളുടെ ഒരു തനി നാടന്‍ പ്രയോഗമാണ്. കുടനന്നാക്കല്‍കാരന്റെ മോഹം ഹൂറി നിന്നുടെ കയ്യിനാല്‍ നെയ്ച്ചോറു വെച്ചത് തിന്നുവാനാണ്. അതിലെ എല്ലാരും ചൊല്ലണ്...., മാനെന്നും വിളിക്കില്ല..., എങ്ങനെ നീ മറക്കും കുയിലേ... എന്നിവയെല്ലാം ഭാസ്കരന്റെ ഈ സിദ്ധിക്ക് ഉദാഹരണമാണ്.