1937 ജൂലൈ 22ന് കൊട്ടാരത്തില്‍ ശങ്കുണ്ണി അന്തരിച്ചു.
T SASI MOHAN|
ഐതിഹ്യമാലയുടെ കര്‍ത്താവ് എന്ന വിശേഷണം മാത്രം മതിയാവും കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രതിഭ തിരിച്ചറിയാന്‍.
ജീവിതത്തിന്റെ ചെറുകാലം പലര്‍ക്കും ഒന്നിനും തികയാറില്ല. എന്നാല്‍ കൊട്ടരത്തില്‍ ശങ്കുണ്ണി ജീവിതത്തെ കര്‍മ്മനിരതമായ മനസ്സുകൊണ്ട് പഠിച്ച വ്യക്തിയാണ്.
കവി, വൈദ്യന്, വൈയാകരണന് എന്നിങ്ങനെ ഏതു മേഖലയിലും തിളങ്ങിയ ആ വ്യക്തിത്വത്തിന്റെ ഓര്‍മ്മ ദിവസമാണ് ജൂലൈ 22. കൊട്ടാരത്തില്‍ ശങ്കുണ്ണി അന്തരിച്ചിട്ട് 2003 ജൂലൈ 22 ന് 69 വര്‍ഷം തികയുന്നു.
1855 ഏപ്രില്‍ നാലിന് കോട്ടയത്തെ കോടിമതയിലാണ് ശങ്കുണ്ണി ജനിച്ചത്. യഥാര്‍ത്ഥ പേര് വാസുദേവന്‍ എന്നാണ്. പതിനാറ് വയസു കഴിഞ്ഞാണ് ശരിക്കും പഠനം ആരംഭിച്ചത്.
പഠനശേഷം കോട്ടയം എം. ഡി. ഹൈസ്കൂളില്‍ മലയാളം അധ്യാപകനായി. കണ്ടത്തില്‍ വറുഗീസ് മാപ്പിളയോടൊത്ത് മലയാള മനോരമയിലും പ്രവര്‍ത്തിച്ചു.
പച്ചമലയാള പ്രസ്ഥാനത്തെ പോഷിപ്പിച്ചവരില്‍ പ്രമുഖനായിരുന്നു കൊട്ടാരത്തില്‍ ശങ്കുണ്ണി. തര്‍ജ്ജുമകള്‍ ഉള്‍പ്പൈടെ ധാരാളം കൃതികള്‍ രചിച്ചു.
വിക്രമോര്‍വ്വശീയം, മാലതീ മാധവം എന്നീ സംസ്കൃത നാടകങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കിരാതസൂനു ചരിതം, ശ്രീരാമാവതാരം, സീതാവിവാഹം, ശ്രീരാമപട്ടാഭിഷേകം, ഭൂസുരഗോഗ്രഹണം എന്നിവ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രശസ്തമായ ആട്ടക്കഥകളാണ്.
ശങ്കുണ്ണിയുടെ ഏറ്റവും മികച്ച സംഭാവന ഐതിഹ്യമാല തന്നെയാണ്. 126 ഐതിഹ്യങ്ങള്‍ എട്ടു ഭാഗങ്ങളായാണ് ആദ്യം പ്രസിദ്ധീകരിച്ചത്. ദേശചരിത്രങ്ങളും ജീവചരിത്രങ്ങളും ഐതിഹ്യകഥകളില്‍ ഉള്‍പ്പെടുന്നു.
ശങ്കുണ്ണിയുടേതായി 59 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1997 ല്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് പ്രസിദ്ധീകരിച്ചു.
1937 ജൂലൈ 22ന് കൊട്ടാരത്തില്‍ ശങ്കുണ്ണി അന്തരിച്ചു.