കന്തസാമിയുടെ വരവ് ഒരു വരവ് തന്നെയായിരുന്നു. റിലീസിംഗ് കേന്ദ്രങ്ങളുടെ എണ്ണത്തിലും ആദ്യവാര കളക്ഷനിലുമൊക്കെ റെക്കോര്‍ഡ്. പരസ്യതന്ത്രത്തില്‍ പുതുമ. ചില ഗ്രാമങ്ങള്‍ ഏറ്റെടുത്ത് കന്തസാമിയുടെ അണിയറപ്രവര്‍ത്തകര്‍ മറ്റ് സിനിമാക്കാര്‍ക്ക് മാതൃകയായി. എന്നാല്‍ ഇതൊന്നും ഇപ്പോള്‍ ചിത്രത്തിന് തുണയാകുന്നില്ല.
കഴിഞ്ഞവാരം, തമിഴകത്ത് ബോക്സോഫീസില്‍ നാലാം സ്ഥാനത്താണ് കന്തസാമി. കഴിഞ്ഞ ഒരു വാരം ആകെ നേടിയ കളക്ഷന്‍ ഏകദേശം ഒമ്പതു ലക്ഷം രൂപ മാത്രം. അതേസമയം, കമലഹാസനും മോഹന്‍ലാലും ഒന്നിച്ച ഉന്നൈപ്പോല്‍ ഒരുവന്‍ ബോക്സോഫീസില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ഉന്നൈപ്പോല്‍ ഒരുവന്‍ നേടിയത് ആറുലക്ഷം രൂപയാണ്.
PRO
ഷങ്കര്‍ നിര്‍മ്മിച്ച ‘ഈറം’ നേട്ടമുണ്ടാക്കുന്ന കാഴ്ചയാണ് കാണുന്നത്. ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്തുള്ള ഈറം 16.41 ലക്ഷം രൂപയാണ് ആഴ്ചാവസാനം മാത്രം സ്വന്തമാക്കിയത്. കഴിഞ്ഞ ഒരുവാരം കൊണ്ട് നേടിയത് 57 ലക്ഷം രൂപ! പൃഥ്വിരാജിന്‍റെ നിനൈത്താലേ ഇനിക്കും ബോക്സോഫീസില്‍ മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ വാരം 14.5 ലക്ഷം കളക്ഷന്‍ നേടിയ ഈ സിനിമ ഇപ്പോള്‍ തന്നെ 1.31 കോടി സമ്പാദിച്ചുകഴിഞ്ഞു.
മധുരൈ സംഭവമാണ് അഞ്ചാം സ്ഥാനത്ത്. ആഴ്ചാവസാനം നേടിയത് 3.39 ലക്ഷം. ഈ ചിത്രത്തിന്‍റെ ഇതുവരെയുള്ള മൊത്തം വരുമാനം 46 ലക്ഷമാണ്. സുരേഷ്കൃഷ്ണ സംവിധാനം ചെയ്ത് ഭരത് നായകനായ ‘ആറുമുഖ’മാണ് പുതിയ റിലീസ്. വരും ദിവസങ്ങളിലും ഉലകനായകനും മലയാളത്തിന്‍റെ ലാലേട്ടനും ചേര്‍ന്ന് തമിഴ് ബോക്സോഫീസ് ഭരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.