ന്യൂ ജനറേഷന്‍ സിനിമകള്‍ തിരശീല വാഴുന്ന കാലമാണിത്. ദിനംപ്രതി ഒട്ടേറെ സിനിമകള്‍ പ്രഖ്യാപിക്കപ്പെടുന്നു. ഒരുപാട് സിനിമകള്‍ റിലീസാകുന്നു. ഇക്കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 85 മലയാള ചിത്രങ്ങളാണ് പ്രദര്‍ശനത്തിനത്തിയത്. എന്നാല്‍ ഇത്രയധികം സിനിമകള്‍ റിലീസായപ്പോള്‍ അവയില്‍ കാമ്പുള്ള എത്ര ചിത്രങ്ങളുണ്ട്?, എത്ര സിനിമകള്‍ ലാഭം നേടി? - എന്നൊക്കെ അന്വേഷിക്കുന്നത് വലിയ നിരാശ മാത്രമേ സമ്മാനിക്കൂ.
മലയാള സിനിമയില്‍ നിന്ന് ‘മെഗാഹിറ്റ് സിനിമകള്‍’ അകന്നുപോയി എന്ന് കാണാനാകും. ന്യൂ ജനറേഷന്‍ സിനിമകളില്‍ പലതും അമ്പത് ദിനങ്ങള്‍ പോലും തിയേറ്ററുകളില്‍ തങ്ങുന്നില്ല. ന്യൂ ജനറേഷന്‍ സിനിമകളുടെ ഗണത്തില്‍ പെടാത്ത ചിത്രങ്ങള്‍ പോലും ലോംഗ് റണ്‍ സാധ്യമാക്കുന്നില്ല. ‘മെഗാഹിറ്റ്’ എന്ന് അവകാശപ്പെടുന്ന മായാമോഹിനി എത്രകാലം തിയേറ്ററില്‍ നിലനിന്നു എന്നതിന്‍റെ അടിസ്ഥാനത്തിലല്ല, കുറച്ചുകാലം കൊണ്ട് കൂടുതല്‍ കളക്ഷന്‍ നേടി എന്നതിലാണ് വിജയമായി മാറുന്നത്.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ്, മലയാള സിനിമയില്‍ ഇതായിരുന്നില്ല സ്ഥിതി. വലിയ കളക്ഷന്‍ നേടുന്ന സിനിമകള്‍ ഏറെക്കാലം തിയേറ്ററുകളില്‍ നിലനില്‍ക്കുമായിരുന്നു. ‘ചിത്രം‘ എന്ന പ്രിയദര്‍ശന്‍ സിനിമ 365 ദിവസമാണ് റെഗുലര്‍ ഷോ കളിച്ചത്. ഗോഡ്ഫാദര്‍ എന്ന സിനിമയാകട്ടെ അതും മറികടന്ന് 406 ദിനങ്ങള്‍ തിയേറ്ററുകളില്‍ നിന്നു. അവ നിര്‍ബന്ധപൂര്‍വം ആരും തിയേറ്ററുകളില്‍ നിലനിര്‍ത്തുകയായിരുന്നില്ല. ജനങ്ങള്‍ ഹൃദയം കൊണ്ട് അംഗീകരിച്ച്, വീണ്ടും വീണ്ടും കണ്ട് വന്‍ ഹിറ്റാക്കി മാറ്റുകയായിരുന്നു.
ഇന്ന് എത്ര സിനിമകള്‍ക്ക് ഈ ഒരു ജനപ്രിയത അവകാശപ്പെടാനാകും? ഇനിഷ്യല്‍ കളക്ഷന്‍റെ പിന്‍ബലത്തില്‍ മുടക്കുമുതല്‍ തിരികെക്കിട്ടണമെന്നും കോടികള്‍ ലാഭം നേടണമെന്നുമല്ലാതെ, തന്‍റെ ചിത്രം 200 ദിവസം തിയേറ്ററുകളില്‍ ഹൌസ്ഫുള്ളായി ഓടണമെന്ന് ആഗ്രഹിക്കുന്ന എത്ര സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്? ഈ സാഹചര്യത്തില്‍, ചരിത്ര വിജയം നേടിയ ചില ചിത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് മലയാളം വെബ്‌ദുനിയ. ഇവയില്‍ പലതും വായനക്കാരുടെ പ്രിയപ്പെട്ട സിനിമകള്‍ തന്നെയായിരിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.
അടുത്ത പേജില്‍ - ഒരു റോംഗ് നമ്പര്‍ ഉണര്‍ത്തിയ ചിരി