Last Updated:
വ്യാഴം, 18 ഡിസംബര്‍ 2014 (17:06 IST)
തന്‍റെ മകന്‍ ചെകുത്താനല്ല, അമൂല്യമായ സ്ഫടികമാണെന്ന ഒരു അച്ഛന്‍റെ തിരിച്ചറിവിന്‍റെ കഥയായിരുന്നു 'സ്ഫടികം'. 1995 മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തിയ ഈ മോഹന്‍ലാല്‍ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായി മാറി. മോഹന്‍ലാലിന്‍റെ 'ആടുതോമ'യും മുണ്ടുപറിച്ചടിയും പ്രേക്ഷകരില്‍ ഇന്നും ആവേശം നിറയ്ക്കുന്നു.
ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ആടുതോമയും ചാക്കോ മാഷും തുളസിയും കുറ്റിക്കാടനുമൊക്കെ ഇന്നും കോടിക്കണക്കിന് മനസുകളില്‍ ജീവിക്കുന്ന കഥാപാത്രങ്ങള്‍. ഇന്നത്തെ തലമുറയ്ക്കും ഇവര്‍ പ്രിയങ്കരരാണ്. മൂന്നോ നാലോ വയസുള്ള കുട്ടിയോട് ചോദിച്ചാലും പറയും
ആടുതോമ ആരാണെന്ന്!
എന്നാല്‍, ഇന്നത്തെ തലമുറയ്ക്ക് ഈ സിനിമ തിയേറ്ററിലെ വലിയ സ്ക്രീനില്‍ കാണുമ്പോഴുണ്ടാകുന്ന ചോരത്തിളപ്പിന്‍റെ രസം അറിയില്ല. സ്ഫടികം ബിഗ് സ്ക്രീനില്‍ കാണേണ്ട സിനിമ തന്നെയാണ്. സംവിധായകന്‍ ഭദ്രന്‍ ഇക്കാര്യം ഗൌരവമായി പരിഗണിക്കുകയാണ്.
"ഡി വി ഡിയിലോ ചാനലുകളിലോ അല്ല, സ്ക്രീനില്‍ കാണേണ്ട സിനിമയാണ് സ്ഫടികം. അതിലുപയോഗിച്ചിരിക്കുന്ന ലെന്‍സുകള്‍ പോലും വ്യത്യസ്തങ്ങളായിരുന്നു. ഈ സിനിമ പുതിയ തലമുറയ്ക്കായി ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഒരിക്കല്‍ കൂടി റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍" -
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ ഭദ്രന്‍ വ്യക്തമാക്കുന്നു.