ആദ്യം ആമിര്‍ ഖാന്, പിന്നീട് സല്മാന്. ഇനിയിതാ, സാക്ഷാല്‍ ഷാരുഖും. ബോളിവുഡില്‍ മലയാളത്തിന്റെ പ്രിയനടി അസിന് തരംഗം സൃഷ്ടിക്കുകയാണ്. ഹിന്ദിസിനിമാലോകം ഭരിക്കുന്ന മൂന്ന് ഖാന്മാരോടുമൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ത്രില്ലിലാണ് അസിന്.
‘2 സ്റ്റേറ്റ്സ്’ എന്ന ചിത്രത്തിലാണ് ഷാരുഖ് ഖാന്റെ നായികയായി അസിന് എത്തുന്നത്. വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ചേതന്‍ ഭഗത്തിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിക്കുന്നത്.
അനന്യാ സ്വാമിനാഥന് എന്ന തമിഴ്നാട്ടുകാരി പെണ്‍കുട്ടിയായാണ് അസിന് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാവും യുവതിയും തമ്മില്‍ ഉണ്ടാകുന്ന പ്രണയമാണ് 2 സ്റ്റേറ്റ്സ് പറയുന്നത്.
പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, വിദ്യാ ബാലന് തുടങ്ങിയവരെയാണ് 2 സ്റ്റേറ്റ്സിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം പരിഗണിച്ചത്. എന്നാല്‍ ഒടുവില്‍ നറുക്ക് അസിന് വീഴുകയായിരുന്നു.
അസിന്റെ ആദ്യ ഹിന്ദിച്ചിത്രമായ ഗജിനി മെഗാഹിറ്റായിരുന്നു. രണ്ടാമത്തെ സിനിമയായ ലണ്ടന്‍ ഡ്രീംസ് തകര്‍ന്നു തരിപ്പണമായി. മൂന്നാമത്തെ ചിത്രം ‘റെഡി’ റിലീസിന് റെഡിയാകുന്നതേയുള്ളൂ.
2 സ്റ്റേറ്റ്സിന്റെ നിര്‍മ്മാതാവ് സാജിദ് നദിയാദ്വാല എന്തായാലും അസിന്റെ ഫാനായി മാറിയിരിക്കുകയാണ്. ‘ഹൌസ്ഫുള് 2’ എന്ന തന്റെ അടുത്ത നിര്‍മ്മാണ സംരംഭത്തിലും അസിനെ നായികയാക്കാനാണ് സാജിദ് ആലോചിക്കുന്നത്.