Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (21:16 IST)
പുതിയ നിയമം പുതിയ വിജയചരിത്രമെഴുതുകയാണ്. സമീപകാലത്തിറങ്ങിയ എല്ലാ സിനിമകളെയും മറികടക്കുന്ന ബോക്സോഫീസ് പെര്‍ഫോമന്‍സാണ് ചിത്രം നടത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ സിനിമ ആദ്യ വാരാന്ത്യത്തില്‍ നേടിയത് അഞ്ചുകോടി രൂപയാണ്. മമ്മൂട്ടിയുടെയും നയന്‍താരയുടെയും തകര്‍പ്പന്‍ പ്രകടനവും സൂപ്പര്‍ ക്ലൈമാക്സും ത്രില്ലിംഗ് മുഹൂര്‍ത്തങ്ങളുമാണ് പുതിയ നിയമത്തെ മെഗാഹിറ്റാക്കി മാറ്റുന്നത്.
മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച കഴിഞ്ഞ ചിത്രം ഭാസ്കര്‍ ദി റാസ്കല്‍ ഒരു ബ്ലോക്ക് ബസ്റ്ററായിരുന്നു. ആ വിജയത്തെയും പുതിയ നിയമം മറികടക്കുകയാണ്. എ കെ സാജന്‍റെയും കരിയറിലെ ഏറ്റവും വലിയ വിജയമാണ് പുതിയ നിയമം.
അതേസമയം, ഫഹദ് ഫാസിലിന്‍റെ മഹേഷിന്‍റെ പ്രതികാരവും മികച്ച വിജയമാണ് സ്വന്തമാക്കുന്നത്. 10 ദിവസം കൊണ്ട് ഈ ചിത്രം 5.5 കോടിയാണ് കളക്ഷന്‍ നേടിയത്. മഹേഷിന്‍റെ പ്രതികാരവും പുതിയ നിയമവും തമ്മിലുള്ള ബോക്സോഫീസ് പോരാണ് അക്ഷരാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു രണ്ടാഴ്ച പിന്നിടുമ്പോള്‍ എട്ടുകോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. പൃഥ്വിരാജിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമയായ പാവാട ഒരുമാസം കൊണ്ട് 15 കോടിയാണ് സ്വന്തമാക്കിയത്. നാലുമാസം കൊണ്ട് തുടര്‍ച്ചയായി നാല് സൂപ്പര്‍ഹിറ്റുകളാണ് അങ്ങനെ പൃഥ്വി തന്‍റെ പേരില്‍ കുറിച്ചത്.
ദിലീപിന്‍റെ 2 കണ്‍ട്രീസാണ് നേട്ടം കൊയ്തുകൊണ്ടിരിക്കുന്ന മറ്റൊരു വമ്പന്‍ സിനിമ. ഇതിനോടകം 50 കോടി ക്ലബില്‍ ഇടം കണ്ടെത്തിക്കഴിഞ്ഞ സിനിമ ഇപ്പോഴും നിറഞ്ഞ തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.