മമ്മൂട്ടിയോട് കഥ പറയില്ലെന്ന് എസ് എന്‍ സ്വാമി, സി ബി ഐ ആരെഴുതിയാലും പ്രശ്നമില്ല, തനിക്ക് എഴുതാനറിയില്ലെന്ന് മമ്മൂട്ടി ഇപ്പോള്‍ പറയില്ല, സുരേഷ്ഗോപിയെ നായകനാക്കാന്‍ ആലോചിച്ചിട്ട് നടന്നില്ലെന്നും സ്വാമി!

Mammootty, Sureshgopi, CBI, Swami, Puthiya Niyamam, Saajan, മമ്മൂട്ടി, സുരേഷ്ഗോപി, സി ബി ഐ, സ്വാമി, പുതിയ നിയമം, സാജന്‍
Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (21:56 IST)
പരമ്പരയിലെ അഞ്ചാം സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി തന്നെ നായകനാകുന്നു. സേതുരാമയ്യര്‍ എന്ന സി ബി ഐ കഥാപാത്രമായി മമ്മൂട്ടി വീണ്ടും വരുന്ന സിനിമയില്‍ രണ്‍‌ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

യുവ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും ഇടയില്‍ സി ബി ഐ ചിത്രവുമായി വീണ്ടുമെത്തുമ്പോള്‍ തനിക്ക് ഒരു അരക്ഷിതബോധവുമില്ലെന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി പറയുന്നു. “എനിക്ക് ഇന്‍സെക്യൂരിറ്റി ഒന്നുമില്ല. എന്‍റെ കോണ്‍‌ഫിഡന്‍സ് എന്നുപറയുന്നത് കൂടെയുള്ളവര്‍ തരുന്ന ഒരു കോണ്‍ഫിഡന്‍സാണ്. ഈ കഥ കേട്ടിട്ട് എന്‍റെ പ്രൊഡ്യൂസര്‍ പറഞ്ഞത് തനിക്ക് ഇനി ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാനില്ല, ഐ ആം റെഡി എന്നാണ്. ഡയറക്ടര്‍ കെ മധു പറഞ്ഞത് ഇതുവരെ കേട്ട സി ബി ഐ കഥയെക്കാളും ഈ കഥയാണ് ഇഷ്ടപ്പെട്ടത്. ഇതിന്‍റെ ട്രീറ്റുമെന്‍റും ട്വിസ്റ്റും ടേണ്‍സുമാണ്. അതുകൊണ്ട് തനിക്ക് യാതൊരു ഭയവുമില്ല എന്നാണ്. മമ്മൂട്ടിയോട് ഞാന്‍ പറഞ്ഞത് തന്നോട് ഞാന്‍ കഥ പറയില്ല എന്നാണ്. അതെന്താ പറയാത്തതെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഈ കഥ ഞാന്‍ തന്നോട് പറയുന്നില്ല എന്ന്. എന്ന് പറഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ഇനി നാളെ ചോദിക്കുമോ എന്നറിയില്ല” - മനോരമ ന്യൂസിന്‍റെ നേരേ ചൊവ്വേ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എസ് എന്‍ സ്വാമി.

സി ബി ഐ പരമ്പരയില്‍ ഒരു മാറ്റത്തിനായി മമ്മൂട്ടിയെ മാറ്റി മറ്റൊരളെ ആ സ്ഥാനത്ത് ആലോചിച്ചിരുന്നതായി സ്വാമി വെളിപ്പെടുത്തുന്നു. എന്നാല്‍ പിന്നീട് അത് വേണ്ടെന്നുവച്ചു. “സി ബി ഐ പരമ്പരയിലെ അഞ്ചാം ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നതിന് എനിക്ക് മറ്റൊരു ഓപ്ഷന്‍ അതിനേക്കാള്‍ ബെറ്ററായി തോന്നാത്തതാണ് ഒരുകാരണം. പിന്നെ ലബ്‌ധപ്രതിഷ്ഠ നേടിയ ഒരു കഥാപാത്രത്തെ മാറ്റിച്ചിന്തിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ധൈര്യമില്ലാത്തതും ഒരു കാരണമാണ്. സുരേഷ്ഗോപിയുടെ ഹാരി എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ഇത് ഒന്നാലോചിക്കാന്‍ മമ്മൂട്ടി തന്നെ നിര്‍ദ്ദേശിച്ചതുമാണ്. ചില കാരണങ്ങളാല്‍ അത് നടന്നില്ല. സി ബി ഐ ആരെഴുതിയാലും എനിക്കൊരു പ്രശ്നവുമില്ല എന്ന് ഞാന്‍ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സജസ്റ്റ് ചെയ്യുന്ന ആരെ വച്ചും എഴുതിച്ചോളൂ. സി ബി ഐ സിനിമ എന്‍റെ കുത്തകയൊന്നുമല്ല. ആ സീരീസില്‍ ഞാനെഴുതിയ രണ്ടുമൂന്ന് സിനിമ വിജയമായി എന്നുകരുതി എനിക്കതില്‍ മറ്റ് അവകാശവാദങ്ങളൊന്നുമില്ല” - എസ് എന്‍ സ്വാമി പറയുന്നു.

“പണ്ടൊക്കെ മമ്മൂട്ടി എന്നോട് പറയും - താനൊരു എഴുത്തുകാരനൊന്നുമല്ല. തനിക്ക് എഴുതാനൊന്നുമറിയില്ല. തനിക്കൊരു ഭാഗ്യമുണ്ട്, താനെഴുതിയാല്‍ സിനിമ ഓടും. അതുകൊണ്ടാണ് ഞാന്‍ തന്‍റെ സിനിമകളില്‍ അഭിനയിക്കുന്നത്, അല്ലാതെ തന്നോടുള്ള ബഹുമാനം കൊണ്ടല്ല എന്ന്. ഇപ്പോള്‍ ഞാന്‍ 32 വര്‍ഷമായി മമ്മൂട്ടിയുമായി സഹകരിക്കുന്നു. മമ്മൂട്ടിയെ വച്ച് 44 സിനിമകള്‍ എഴുതിക്കഴിഞ്ഞു. ഇന്നും ഞാന്‍ അയാള്‍ക്കുവേണ്ടി എഴുതുന്നു. പക്ഷേ ഇന്ന് അയാള്‍ പറയില്ല ഞാന്‍ എഴുതാന്‍ അറിയാത്ത ആള്‍ ആണ് എന്ന്. ക്ഷമയാണ് ഒരു ബന്ധം നിലനില്‍ക്കുന്നതിലെ പ്രധാനഘടകം” - മമ്മൂട്ടിയുമായുള്ള ദീര്‍ഘകാലബന്ധത്തേക്കുറിച്ചും എസ് എന്‍ സ്വാമി നേരേ ചൊവ്വേയില്‍ വ്യക്തമാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :