കൃതഹസ്തനായ ബംഗാളി എഴുത്തുകാരനാണ് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ അദ്ധ്യക്ഷനായി വിജയിച്ച സുനില്‍ ഗംഗോപാദ്ധ്യായ. ഇതുവരെ അദ്ദേഹം അക്കാഡമിയുടെ ഉപാദ്ധ്യക്ഷനായിരുന്നു. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരെ അഞ്ച് വോട്ടിനു തോല്‍പ്പിച്ചാണ് അദ്ദേഹം അദ്ധ്യക്ഷ പദത്തില്‍ എത്തുന്നത്.
പ്രധാനമായും കവിതയാണ് അദ്ദേഹത്തിന്‍റെ തട്ടകം. കല്‍ക്കത്തയിലെ പ്രധാന പ്രസാധന സ്ഥാപനമായ ആനന്ദബസാര്‍ പത്രികയില്‍ ആയിരുന്നു അദ്ദേഹം ഏറെക്കാലം പ്രവര്‍ത്തിച്ചത്. ആ നിലയ്ക്ക് പത്ര പ്രവര്‍ത്തനത്തിലും അദ്ദേഹത്തിനു പരിചയമുണ്ട്.
35 നോവലുകള്‍ അട്ടക്കം, ഇരുനൂറോളം പുസ്തകങ്ങളുടെ കര്‍ത്താവായ അദ്ദേഹം കവിതാ മാസികയായ കൃത്തിബാസിന്‍റെ സ്ഥാപക എഡിറ്ററാണ്. ഗദ്യത്തില്‍ ഒട്ടേറെ രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന്‍റെ മൂന്നു - നാലു നോവലുകള്‍ സിനിമയാക്കിയിട്ടുണ്ട്. പ്രതിദ്വന്ദി, ആരണ്യര്‍ ദിന്‍രാത്രി എന്നിവ സത്യജിത് റായും അബര്‍ ആരണ്യ ഗൌതം ഘോഷും സിനിമയാക്കിയിട്ടുണ്ട്.
അര്‍ജ്ജുന്‍, ഏക എബോംഗ് കോയെക് ജോന്‍ എന്നിവയാണ് മറ്റ് പ്രധാന പുസ്തകങ്ങള്‍. ചരിത്രാഖ്യായികയായ സെല്‍ സോമോയ് 1985 ല്‍ സാഹിത്യ അക്കാഡമി പുരസ്കാരം നേടി. പ്രസിദ്ധീകരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പുസ്തകം ഇപ്പോഴും ജനപ്രിയമാണ്.
ബംഗാള്‍ വിഭജനത്തെ കുറിച്ച് എഴുതിയ പൂര്‍ബോ പശ്ചിം, പ്രഥം ആലോ എന്നിവയും വളരെയേറെ പുരസ്കാരങ്ങള്‍ നേടിയ രചനകളാണ്. യാത്രാ വിവരണങ്ങള്‍, ചെറുകഥകള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ അദ്ദേഹം നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. നീല്‍ ലോഹിത്, സനാതന്‍ പാഠക്, നീല്‍ ഉപദ്ധ്യായ് എന്നിവ തൂലികാ നാമങ്ങളാണ്.
1934 സെപ്തംബര്‍ ഏഴിന് ഇപ്പോഴത്തെ ബംഗ്ലാദേശിലുള്ള ഫരീദ്‌പൂരിലാണ് സുനില്‍ ഗംഗോപാദ്ധ്യായ ജനിച്ചത്. 1954 ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. സരസ്വതീ സമ്മാന്‍, വിദ്യാസാഗര്‍ പുരസ്കാര്‍, രാം മനോഹര്‍ പുരസ്കാര്‍ എന്നിവ നേടിയ അദ്ദേഹം വിവിധ രാജ്യങ്ങളില്‍ നടന്ന ലോക കവിതാ സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
WEBDUNIA|
യുനെസ്കോയുടെ നിരീക്ഷകനായി 1995 ല്‍ മലേഷ്യയിലും ബംഗ്ലാദേശ് ജപ്പാന്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ ക്ഷണം സ്വീകരിച്ച് ജപ്പാനിലും ഇന്ത്യന്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ 1988 ല്‍ ചെക്ക ോസ്ലോവാക്യയിലും അദ്ദേഹം പോയിട്ടുണ്ട്.