വിജയന്‍റെ എട്ടുകാലി അശ്ളീലകഥ

കുളത്തൂര്‍ മിത്രന്‍

WEBDUNIA|
പ്രസിദ്ധനായനായ ഒരാള്‍ എഴുതിയതുകൊണ്ടു മാത്രം ഒരു കൃതിയും (സൃഷ്ടി) ഉത്തമമാകുന്നില്ല. പ്രസിദ്ധനായ താന്‍ എഴുതുന്നതെന്തും ഉത്തമമാണെന്ന തോന്നല്‍ ഒരുപക്ഷേ എഴുത്തുകാരനില്‍ കടന്നുകൂടുകയും വായനക്കാര്‍ മഹത്തരമാണെന്ന മുന്‍വിധിയോടെ ഈ കൃതിയെ സ്വീകരിക്കുകയും ചെയ്യുമെന്ന വിശ്വാസമാണുള്ളതെങ്കില്‍ അയാള്‍ക്കു തെറ്റി.

ഓരോ വര്‍ഷവും വൈദേശിക, ഇന്ത്യന്‍ ഭാഷകളില്‍ പ്രമുഖരുടേതും അല്ലാത്തവരുടേതും ഉള്‍പ്പൈടെ പുറത്തിറങ്ങുന്ന കൃതികള്‍ ഒട്ടനവധിയാണ്. എന്നാല്‍ ഇവയില്‍ വായനക്കാര്‍ സ്വീകരിക്കുന്നതാകട്ടെ വളരെക്കുറച്ചു മാത്രം. തള്ളിക്കളയുന്നവയാണ് അധികവും. ഒ വി വിജയന്‍റെ എട്ടുകാലിയും അക്കൂട്ടത്തില്‍ പെടും.

1985 ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച വിജയന്‍റെ -അശാന്തി- (രതിയുടെ കഥകള്‍) യിലെ ആദ്യത്തെ കഥയാണ് എട്ടുകാലി. വിജയന്‍റെ മറ്റു പുസ്തകങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ അംഗീകാരം -അശാന്തി-ക്ക് ലഭിക്കാതെ പോയതിന് പ്രധാന കാരണവും ഈ -എട്ടുകാലി- തന്നെയാവണം.

ഇവിടെ എടുത്തുപറയേണ്ട മറ്റൊന്നുണ്ട്. ഈ പുസ്തകത്തിന്‍റെ അവതാരികയില്‍ എട്ടുകാലിയെക്കുറിച്ചുള്ള കെ.പി. അപ്പന്‍റെ വിലയിരുത്തല്‍ വിചിത്രമായി തോന്നുന്നു. കൃതിക്കല്ല, മറിച്ച് വ്യക്തിക്കാണ് പ്രാധാന്യമെന്ന കാഴ്ചപ്പാട് കെ.പി. അപ്പനിലും ഉണ്ടായോയെന്ന് വായനക്കാര്‍ ഒരു നിമിഷമെങ്കിലും സംശയിച്ചുപോകും.

വിജയന്‍, വിജയനല്ലാതാവുകയും ശുഭകരമല്ലാത്ത മുഹൂര്‍ത്തത്തില്‍ ഒരു കൃതി രചിക്കാന്‍ തയ്യാറാവുകയും ചെയ്തതിന്‍റെ ഫലമായിട്ടാണ് രതി വൈകൃതങ്ങള്‍ മാത്രം നിറഞ്ഞ, സാഹിത്യമൂല്യം തീരെയില്ലാത്ത എട്ടുകാലി രൂപപ്പെട്ടതെന്നുവേണം കരുതാന്‍.

കഥകളില്‍ രതിഭാവങ്ങള്‍ കടന്നുവരുന്നത് സ്വാഭാവികമാണ്. കഥയുടെ സമ്പുഷ്ടിക്ക് അനിവാര്യമാണെന്നു തോന്നുന്ന ഘട്ടത്തില്‍ കഥാതന്തുവിന് മങ്ങലേല്‍ക്കാതെ, വായനക്കാരുടെ മനസ്സില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്ന തോന്നല്‍ ഒരിക്കലും സംജാതമാക്കാത്ത വിധത്തില്‍ രതിക്ക് സ്ഥാനം നല്‍കാവുന്നതാണ്. അല്ലാതെ കഥയില്‍ രതി വേണമെന്ന നിര്‍ബന്ധം എഴുത്തുകാരന് ഒരിക്കലും ഉണ്ടായിക്കൂടാ.

ബുദ്ധിചിന്തയോ താത്വിക കാഴ്ചപ്പാടോ ഒട്ടും പ്രതിഫലിക്കാത്ത ഇത്തരമൊരു കഥ മൂന്നാംകിട സാഹിത്യകാരനുപോലും എഴുതാന്‍ കഴിയുന്നതാണ്. യഥാര്‍ത്ഥത്തില്‍ അശ്ളീല സാഹിത്യത്തില്‍ ഉള്‍പ്പെടുത്തേണ്ട കഥയാണ് എട്ടുകാലി. ഒ.വി. വിജയന്‍ എഴുതിയതുകൊണ്ട് അശ്ളീല സാഹിത്യം മഹത്തരമാവില്ല.

ഖസാക്കിന്‍റെ ഇതിഹാസത്തിലൂടെ മലയാളിയുടെ മനംകവര്‍ന്ന വിജയന്‍ തന്നെയാണോ -എട്ടുകാലി- എഴുതിയതെന്ന സംശയവും സ്വാഭാവികമാണ്.

ഇങ്ങനെയൊരു കഥ എഴുതാന്‍ വിജയനെ പ്രേരിപ്പിച്ച കാര്യമെന്താണ്. അനുഭവമാണോ? അതുമല്ലെങ്കില്‍ ഒരുപക്ഷേ മനസ്സില്‍ എക്കാലവും സൂക്ഷിച്ചിരുന്ന രതിവൈകൃതത്തിന്‍റെ സുഖം അനിയന്ത്രിതമായപ്പോള്‍ കഥാരൂപേണ പുറത്തുവന്നതാണോ, അതോ മാനുഷിക, സാമൂഹിക സദാചാരബന്ധങ്ങള്‍ക്കുമപ്പുറം രതിക്ക് മുന്‍തൂക്കമുണ്ടെന്ന വ്യക്തിപരമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണോ.

എന്തായാലും എന്നുമെക്കാലവും നാം കാത്തു (സൂക്ഷിച്ച) സൂക്ഷിക്കുന്ന സദാചാരമൂല്യത്തിന്‍റെയും മാന്യതയുടെയും ഭയത്തിന്‍റെയും അതിര്‍വരമ്പുകള്‍ -എട്ടുകാലി-യിലൂടെ കഥാകൃത്ത് ലംഘിക്കുകയാണ്. ഈ ലംഘനമാകട്ടെ സൃഷ്ടിയുടെ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :