മാതൃഭൂമി പുരസ്കാരം കോവിലന്

Kovilan
WEBDUNIA|
PRO
PRO
ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യ പുരസ്കാരം പ്രശസ്ത നോവലിസ്റ്റ് കോവിലന്. സി രാധാകൃഷ്ണന്‍റെ അധ്യക്ഷതയിലുള്ള മൂന്നംഗ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. എം മുകുന്ദന്‍, എം എന്‍ കാരശേരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

മലയാള നോവലിന്‍റേയും ചെറുകഥാ ശാഖയുടേയും വികാസത്തിന് കോവിലന്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. ആധുനിക മലയാള നോവലിന്‍റെ രൂപഭാവങ്ങള്‍ മാറ്റിപ്പണിതവയാണ് കോവിലന്‍റെ രചനകള്‍ എന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

1923 ജൂലൈ ഒന്‍പതിന് ഗുരുവായൂരിനടുത്തുള്ള കണ്ടാണിശ്ശേരിയിലാണ് കോവിലന്‍ ജനിച്ചത്. വിവി അയ്യപ്പന്‍ എന്നാണ് യഥാര്‍ത്ഥ പേര്. കണ്ടാണിശ്ശേരി എക്സെല്‍‌സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ല്‍, റോയല്‍ ഇന്‍ഡ്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍‌സിലും പ്രവര്‍ത്തിച്ചു.

ശക്തവും ധന്യാത്മകവുമായ ഭാഷാശൈലിയാണ് കോവിലന്‍റെ കൃതികളുടെ പ്രത്യേകത. രചനാ ശൈലി കൊണ്ട് വേറിട്ട് നില്‍ക്കുന്നവയാണ് കോവിലന്‍റെ ചെറുകഥകളും. തോറ്റങ്ങള്‍, തട്ടകം, എ മൈനസ് ബി, താഴ്വരകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മകന്‍, ഒരു കഷണം അസ്ഥി, ശകുനം, ചെട്ടിപ്പൂക്കള്‍, പിത്തം, ശംഖ് തുടങ്ങി ഒട്ടേറെ ചെറുകഥകളും കോവിലന്‍റെ പേനത്തുമ്പില്‍ നിന്ന് വിടര്‍ന്നു.

തോറ്റങ്ങള്‍ എന്ന നോവലിന് 1972ലും ശകുനം എന്ന കഥാസമാഹരത്തിന് 1977ലും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1998ല്‍ 'തട്ടകം' എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. 1999ലെ എന്‍ വി പുരസ്കാരവും വയലാര്‍ പുരസ്കാരവും തട്ടകം നേടി. 2006ല്‍ കേരള സര്‍ക്കാരിന്‍റെ എഴുത്തച്ഛന്‍ പുരസ്‌കാരവും കോവിലന് ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :