പുരാണത്തിലേക്ക് വെട്ടം പകര്‍ന്ന മാണി

ജനനം:1921 ഓഗസ്റ്റ് 27 ,മരണം:1987 മെയ് 29ന്

WEBDUNIA|
മഹാസമുദ്രം പോലെ പരന്നു കിടക്കുന്ന ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെട്ടം പകര്‍ന്ന പണ്ഡിതനാണ് വെട്ടം മാണി.

ഒരു വ്യാഴവട്ടത്തിലേറെയുള്ള സപര്യയിലൂടെ ഉത്കൃഷ്ടമായ പുരാണ നിഘണ്ടു കൈരളിക്കു സമ്മാനിച്ച വെട്ടം മാണി 1921 ഓഗസ്റ്റ് 27 ന് കോട്ടയം ജില്ലയിലെ കൊച്ചുമറ്റത്തായിരുന്നു ജനിച്ചത്.1987 മെയ് 29ന് അന്തരിച്ചു.

അദ്ദേഹം തപസ്സെടുത്ത് രചിച്ച പുരാണിക് എന്‍സൈക്ളോപീഡിയ എന്ന പുരാണ വിജ്ഞാനകോശം എത്രകാലം കഴിഞ്ഞാലും നിലനില്‍ക്കുന്ന മഹദ് ഗ്രന്ഥമായിരിക്കും. ഈ കൃതി ഇംഗ്ളീഷിലും മറ്റു ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതു കൃതിയുടെ ദീപ്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

പുരാണേതിഹാസങ്ങളുടെ അകപ്പൊരുള്‍ തേടി

വ്യക്തിക്കെന്നപോലെ സമൂഹത്തിനും ഒരു അവബോധമുണ്ട്. ആദിമ സമൂഹത്തിന്‍റെ ആദ്യാനുഭവങ്ങള്‍ തൊട്ടുള്ളവയുടെ ആകെത്തുകയാണ് അതിന്‍റെ ഉള്ളടക്കം.പുരാണ സങ്കല്പങ്ങളാകട്ടെ ഈ ആദ്യാനുഭവങ്ങളുടെ പ്രതീകങ്ങളാണ്.അവയിലേക്ക് തിര്‍ഥയാത്ര നടത്താന്‍ ഏതു കാലത്തും മനുഷ്യന് കൗതകമാണ്

മനുഷ്യ വര്‍ഗത്തിന്‍റെ അബോധ മനസ്സില്‍ പുരാപ്രതീകങ്ങളൂം, ആദിരൂപങ്ങളും ഉറങ്ങിക്കിടക്കുന്നു.അതുകൊണ്ടാണ് മനുഷ്യാനുഭവങ്ങളുടെ സ്വാഭാവികതകളിലേക്ക് പുരാണേതിഹാസങ്ങള്‍ നമ്മെ മാടി വിളിക്കുന്നത്.

ആ വിളികേട്ടു പുറപ്പെട്ടവര്‍ ഏറെയുണ്ട്. ഹൈന്ദവ ധര്‍മ്മസുധാകരം എഴുതിയ ഒ.എം.ചെറിയാന്‍ പുരാണ കഥകളെ അക്ഷരമാലാ ക്രമത്തില്‍ ഉള്‍പ്പെടുത്തി പുരാണകഥാ നിഘണ്ടു എഴുതിയ പൈലോ പോള്‍ എന്നിവരാണ് ഹൈന്ദവ പുരാണേതിഹാസങ്ങളുടെ കാണാപുറങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ക്രിസ്ത്യാനി പണ്ഡിതര്‍.

13 കൊല്ലത്തെ തപസ്യ

സത്യവും മിഥ്യയും സൗന്ദര്യവും കാല്പനികതയും ഇഴപിരിഞ്ഞു കിടക്കുന്ന പ്രാചീന പ്രതീകങ്ങളുടെ - പുരാരൂപങ്ങളുടെ ലോകത്തേക്ക് പുറപ്പെട്ടു പോയവരില്‍ ഒരാളാണ് വെട്ടം മാണി.അദ്ദേഹത്തിന്‍റെ ജന്മ സാഫല്യമാണ് പുരാണ നിഘണ്ടു എന്ന വിജ്ഞാന കോശം,

പതിമൂന്നു വര്‍ഷത്തെ ഉറങ്ങാത്ത രാത്രികള്‍ വെട്ടം മാണിയുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നു. പക്ഷെ നിശ്ഛയദാര്‍ഢ്യം അദ്ദേഹം കൈവിട്ടില്ല. 1964 ഫെബ്രുവരിയില്‍ വിജ്ഞാന കോശത്തിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങി.

ഭാരതീയ ഭാഷകളില്‍ ആദ്യത്തേതായിരുന്നു ഇത്തരമൊരു പുരാണ നിഘണ്ടു. ദില്ലിയിലെ മോട്ടിലാല്‍ ബനാറസി ദാസ് എന്ന അന്തര്‍ദേശീയ പ്രസിദ്ധീകരണ ശാല അതിന്‍റെ ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധപ്പെടുത്തി.

ഹിന്ദുക്കളുടെ പുരാണേതിഹാസങ്ങളില്‍ ഒരു കൃസ്ത്യാനി നിഷ്ണാതനാവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ മാണിയുടെ പുരാണ നിഘണ്ടു വായിച്ചാലറിയാം അദ്ദേഹം ഏതു ഹൈന്ദവ പണ്ഡിതനേക്കാളും അറിവുള്ള ആളായിരുന്നുവെന്ന്.

1964 ല്‍ പുറത്തിറക്കിയ പുരാണീയ എന്‍സൈക്ളോപീഡിയ്ക്ക് അവതാരിക എഴുതിയ മഹാപ്രതിഭയായ പുത്തേഴത്ത് രാമന്‍ മേനോന്‍ ഇക്കാര്യം സമ്മതിക്കുകയും വെട്ടം മാണിയുടെ അറിവിനു മുമ്പില്‍ തലകുനിക്കുകയും ചെയ്യുന്നു.

ഭാഷാദ്ധ്യാപകനായിരുന്ന വെട്ടം മാണി പല പണികളും ചെയ്തുമടുത്ത് ഒടുവില്‍ പ്രകാശ് ട്യൂട്ടോറിയല്‍ കോളേജ് തുടങ്ങിയപ്പോഴാണ് പുരാണ നിഘണ്ടു നിര്‍മ്മാണം തുടങ്ങിയത്.
ഡമ്മി 4 ല്‍ 1400 ല്‍ പരം പേജുകളുള്ള ഗ്രന്ഥമാണ് പുരാണ നിഘണ്ടു 2000 ല്‍ ഇതിന്‍റെ 16 പതിപ്പുകള്‍ പ്രകാശനം ചെയ്തു കഴിഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :