ഡാര്‍വിന്‍ പറഞ്ഞത് കള്ളം? ‌‌

WEBDUNIA|
അരുണ്‍ തുളസീദാസ

ഭൂമിയിലെ ജീവോല്പത്തിയെപറ്റിയും മനുഷ്യന്‍റെ പരിണാമത്തെക്കുറിച്ചും ശാസ്ത്രീയ വിശദീകരണം നല്‍കുന്ന ചാള്‍സ് ഡാര്‍വിന്‍റെ “ഒര്‍ജിന്‍ ഓഫ് സ്പീഷീസ്”നെതിരെ ഇസ്ലാമിക പണ്ഡിതന്‍ രംഗത്ത് എത്തിയിരിക്കുന്നു. ഹാറുണ്‍ യഹിയ എന്ന തൂലികനാമത്തില്‍ രചന നടത്തുന്ന തുര്‍ക്കി പണ്ഡിതനായ അദ്നന്‍ ഓക്താറാണ് “അറ്റ്ലസ് ഓഫ് ക്രിയേഷന്‍“ എന്ന പുസ്തകത്തിലൂടെ ഡാര്‍വിനിസത്തിനെതിരെ ആഞ്ഞടിക്കുന്നത്. ക്രിസ്തുമതം നേരത്തെ തന്നെ ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തത്തെ തള്ളിക്കളഞ്ഞിരുന്നു. ഇതാദ്യമായാണ് പ്രബലമായ തെളിവുകളുടെ പിന്‍ബലത്തോടെ ഇസ്ലാം മതം ഡാര്‍വിനിസത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നത്.

പരിണാമ സിദ്ധാന്തം സ്ഥാപിക്കാനായി ഡാര്‍വിന്‍ നിരത്തിയ ഫോസില്‍ തെളിവുകളെ പൂര്‍ണമായും ഹാറുണ്‍ തള്ളിക്കളയുന്നു. ഫോസിലുകളും അവ പ്രതിനിധാനം ചെയ്യുന്ന ജീവികളുടെ ചിത്രങ്ങളും താരതമ്യം ചെയ്ത് പരിണാമം എന്ന ഒരു അവസ്ഥയുണ്ടായിട്ടില്ല എന്നാണ് അറ്റ്ലസ് ഓഫ് ക്രിയേഷനിലൂടെ ഹാറുണ്‍ അവകാശപ്പെടുന്നത്. ഹാറുണിന്‍റെ അഭിപ്രായത്തില്‍ മനുഷ്യോത്ഭവം പൂര്‍ണ്ണമായും ദൈവദത്തമാണ്. പരിണാമം എന്നൊരവസ്ഥ ഒരു ജീവജാലത്തിനും സംഭവിച്ചിട്ടില്ല എന്നും കോടിക്കണക്കിന് വര്‍ഷം മുന്‍പ് ഉണ്ടായിരുന്ന അതേ ജീവി വര്‍ഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഹാറുണ്‍ തെളിവുകള്‍ നിരത്തി വാ‍ദിക്കുന്നു. ഡാര്‍വിന്‍റെ പൊതു പൂര്‍വിക സിദ്ധാന്തത്തെ പുസ്തകം പൂര്‍ണ്ണമായും നിരസിക്കുന്നു.

ഡാര്‍വിന്‍റെ 1859ല്‍ പുറത്തു വന്ന “ഒറിജിന്‍ ഓഫ് സ്‌പീഷീസ്“ യാഥാര്‍ത്ഥ്യങ്ങളല്ല നിരത്തുന്നതെന്നും പലതും ഡാര്‍വിന്‍റെ ഭാവനാവിലാസത്തില്‍ ഉയിരെടുത്തതാണെന്നും ലേഖകന്‍ അഭിപ്രായപ്പെടുന്നുണ്ട്. കുരങ്ങില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായത് എന്നത് ഇത്തരം വികലമായ ഭാവനയില്‍ നിന്നാണെന്നാണ് ഹാറുണിന്‍റെ നിലപാട്. ഇനി വരാന്‍ പോകുന്ന തലമുറ ഡാര്‍വിന്‍റെ സിദ്ധാന്തത്തിന്‍റെ പൊള്ളത്തരം മനസിലാക്കുമെന്നും രണ്ടു നൂറ്റാണ്ടുകളോളം എങ്ങനെ ലോകം ഇത് വിശ്വസിച്ചു എന്നോര്‍ത്ത് പുതുതലമുറ അത്ഭുതപ്പെടും എന്നും ഹാറുണ്‍ അഭിപ്രായപ്പെടുണ്ട്. ഭൌതിക വാദത്തിന്‍റെ ഭാവനാവിലാസം മാത്രമാണ് ഡാര്‍വിന്‍റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനം എന്നാണ് ഹാറുണ്‍ പറയുന്നത്.

മൂന്നു വാല്യങ്ങളിലായി 800 പേജുകളിലാണ് ഹാറുണ്‍ തന്‍റെ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചരിക്കുന്നത്. ലോകത്തിലെ പ്രമുഖ സര്‍വകലാശാലകള്‍ക്കെല്ലാം പുസ്തകം അയച്ച് കൊടുത്തിട്ടുണ്ട്. രണ്ട് ഇന്ത്യന്‍ ഭാഷകളിലും പുസ്തകം ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തിന്‍റെ പൂര്‍ണ്ണമായ പ്രതി ഇന്‍റര്‍നെറ്റിലും ലഭ്യമാണ്. ഹാറുണിന്‍റെ വാദങ്ങളെ ശാസ്ത്രലോകം എങ്ങനെ വിലയിരുത്തുമെന്ന് കാത്തിരുന്നുകാണാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :