മലയാളികളുടെ പ്രിയതാരം ഇന്നസെന്‍റ് ആത്മകഥയെഴുതിത്തുടങ്ങി. പുസ്തകമായിട്ടല്ല, പകരം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പരമ്പരയായിട്ടാണ് ഇന്നസെന്‍റിന്‍റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. “ചിരിക്ക് പിന്നില്‍” എന്ന് പേരിട്ടിരിക്കുന്ന ഈ ആത്മകഥാ പരമ്പരയുടെ ആദ്യഭാഗം ഏറ്റവും ഫെബ്രുവരി രണ്ടാമത്തെ ആഴ്ച പുറത്തിറങ്ങി.
തനിക്ക് ജീവിതാനുഭവങ്ങള്‍ മാത്രമാണ് ഉള്ളതെന്നും തന്‍റെ ആത്മകഥയില്‍ സാഹിത്യഭംഗി പ്രതീക്ഷിക്കരുതെന്നും ഇന്നസെന്‍റ് വായനക്കാരെ ഓര്‍മപ്പെടുത്തുന്നുണ്ട്. ഇരിഞ്ഞാലക്കുടയിലെയും ദാവണ്‍ഗരെയിലെയും മദിരാശിയിലെയുമൊക്കെ അനുഭവങ്ങളാണ് ഇന്നസെന്‍റെന്ന മനുഷ്യനെ രൂപപ്പെടുത്തിയതെന്നും ചിരിയുടെ വെള്ളിവെളിച്ചത്തിനും അപ്പുറത്തേക്ക് നോക്കിയാല്‍ തന്‍റെ തീക്ഷ്ണമായ അനുഭവലോകം കാണാമെന്നും ഇന്നസെന്‍റ് പറയുന്നു.
തന്‍റെ ബാല്യത്തെ പറ്റി, പഠിപ്പില്ലാതെ, വരുമാനമില്ലാതെ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന കാലത്തെ പറ്റി, സുഹൃത്തുക്കളെയും കൊച്ചുകൊച്ച് സദസുകളെയും ചിരിപ്പിച്ച്, അതിന് പ്രതിഫലമായി അവര്‍ വാങ്ങിത്തരുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കിയിരുന്ന കാലത്തെ പറ്റി ഇന്നസെന്‍റ് എഴുതുന്നു. ഇന്നസെന്‍റും അപ്പനും തമ്മിലുള്ള രസകരമായ ഒരു സംഭാഷണം ഇങ്ങിനെയാണ് -
“എന്താ അപ്പാ, വല്ല വയ്യായേം ഉണ്ടോ?” “ഇല്ല” “പിന്നെന്താ അപ്പന്‍ കിടക്കാത്തത്?” “കിടന്നാല്‍ ഉറക്കം വരില്ല!” “എന്തുപറ്റി?” “നിന്‍റെ കാര്യം ആലോചിച്ചിട്ടുതന്നെ!” “അത് ആലോചിച്ചാല്‍ ഈ ജന്മം ഉറക്കംണ്ടാവില്യാട്ടോ!”
ഈ മറുപടി കേട്ട് പൊട്ടിച്ചിരിച്ച അപ്പനോടൊപ്പം വായിക്കുന്ന നമ്മളും ചിരിക്കുന്നു. ഹൃദ്യമായ വായനാനുഭവമാണ് ‘ചിരിക്ക് പിന്നില്‍’ പകരുന്നത്.
സ്കൂളില്‍ പഠിക്കുമ്പോള്‍ ഗാന്ധിവധത്തെ പറ്റിയുള്ള സാമൂഹ്യപാഠം ചോദ്യത്തിന് ‘ഗാന്ധി കൊല്ലപ്പെടുമെന്ന് സര്‍ദാര്‍ വല്ലഭായി പട്ടേലിന് നേരത്തെ അറിയാമായിരുന്നു’ എന്ന് എഴുതിപ്പിടിപ്പിച്ച കൊച്ചു ഇന്നസെന്‍റിനെ പറ്റിയും ഈ ആത്മകഥയിലുണ്ട്. കമ്യൂണിസ്റ്റുകാരായ അപ്പനും സുഹൃത്തുകളും സംസാരിച്ചതിന്‍റെ പൊട്ടും പൊടിയും ഓര്‍ത്തെടുത്ത് കാച്ചിയ ഉത്തരമായിരുന്നു അതെത്രെ. ഉത്തരം വായിച്ച, ഇന്നസെന്‍റിന്‍റെ അധ്യാപകനും പ്രശസ്ത കവിയുമായ വൈലോപ്പിള്ളി ഇതെപ്പറ്റി അപ്പനോട് പരാതി പറഞ്ഞതിനെ പറ്റിയും ഇന്നസെന്‍റ് ഓര്‍ത്തെടുക്കുന്നുണ്ട്.
മാതൃഭൂമിയില്‍ എഡിറ്ററായി ജോലി നോക്കുന്ന ശ്രീകാന്ത് കോട്ടക്കലാണ് ആത്മകഥാ രചനയില്‍ ഇന്നസെന്‍റിനെ സഹായിച്ചിരിക്കുന്നത്. ‘ഒരു അന്തിക്കാട്ടുകാരന്‍റെ ലോകങ്ങള്‍’ എന്ന പേരില്‍ സത്യന്‍ അന്തിക്കാട് എഴുതിയ ആത്മകഥാപരമായ പുസ്തകത്തിന്‍റെ പിന്നണിയില്‍ ശ്രീകാന്ത് കോട്ടക്കലായിരുന്നു.