അഴിക്കോട് യുദ്ധം തുടങ്ങി...

WEBDUNIA|

എം.എന്‍. വിജയന് മൌലികതയില്ലെന്നാണ് സുകുമാര്‍ അഴിക്കോടിന്‍റെ പുതിയ കണ്ടു പിടുത്തം. അപ്പോള്‍ സ്വാഭാവികമായി ഒരു ചോദ്യം ഉയരും. അഴിക്കോടിന് ഇത് ഉണ്ടോയെന്ന്?.

മാക്‍സ്മുള്ളറില്‍ നിന്നും ഗാന്ധിജിയില്‍ നിന്നും ഇന്ത്യന്‍ ആത്മീയതയില്‍ നിന്നും അസംസ്‌കൃത വസ്തുക്കള്‍ സ്വീകരിച്ച് കാറില്‍ പ്രസംഗിച്ച് നടക്കുന്ന സുകുമാര്‍ അഴിക്കോടിന് ഉള്ളതാണോ മൌലികത?

വിജയന്‍ മാഷിന് മൌലികതയില്ലെങ്കില്‍ ജൂലിയസ് സീസര്‍, മാര്‍ക് ആന്‍റണി ആന്‍ഡ് ക്ലിയാപാട്ര എന്നിവ എഴുതിയ ഷേക്‍സിപയര്‍ക്കും രണ്ടാം മൂഴം എഴുതിയ എം.ടിക്കും മൌലികത ഇല്ലാ‍യിരുന്നുവെന്നു പറയേണ്ടിവരും.

എം.എന്‍. വിജയനെ അധിനിവേശവിരുദ്ധപ്രവര്‍ത്തകരും സുധീഷും അസുഖമുള്ളപ്പോള്‍ പ്രസ് ‌ക്ലബിലേക്ക് കൊണ്ടുവന്നതു മൂലമാണ് അദ്ദേഹം മരിച്ചതെന്ന് അഴിക്കോട് ആരോപിക്കുകയുണ്ടായി. ഇതിനെതിരെ വിജയന്‍ മാഷുടെ കുടുംബാംഗങ്ങള്‍ രംഗത്ത് വന്നപ്പോള്‍ കലി അവരോടായി.

സമൂഹമാകുന്ന ശരീരത്തില്‍ കുത്തിപ്പഴുപ്പുണ്ടാക്കുന്ന കീടങ്ങളെ കീറിമുറിച്ച് പുറത്തുകളയുന്ന പരിവാനമായ കര്‍മ്മമാണ് വിജയന്‍ മാഷ് ചെയ്‌തിരുന്നത്. അല്ലാതെ വിവാദ വ്യവസായത്തിലെ ഉപഭോക്‍താവ് ആകുകയായിരുന്നില്ല. വിജയന്‍ മാഷ്

മരിച്ചതിനാല്‍ തിരിച്ചുവരുകയില്ലെന്ന ഉത്തമവിശ്വാസത്തോടെ അഴിക്കോട് അക്രമണം ആരംഭിച്ചിരിക്കുന്നത്.എന്നാല്‍, വിജയന്‍ മാഷിന്‍റെ ആശയങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നിലനില്‍ക്കുമെന്ന കാര്യം അഴിക്കോട് മറന്നിരിക്കുന്നു. അതേ സമയം വിജയന്‍ മാഷിന്‍റെ ആശയങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിയ റഹ്‌മാനെ പോലെയുള്ളവരെ വ്യക്തിഹത്യ നടത്തുവാന്‍ അഴിക്കോട് ശ്രമിക്കുകയും ചെയ്യുന്നു.

പറശ്ശനിക്കടവിലെ പാമ്പുകളെ അക്രമിച്ചവരേയും ജയകൃഷ്‌ണന്‍ മാഷിനെ വധിച്ച ഇടതുപക്ഷ പ്രവര്‍ത്തനങ്ങളെയും ന്യായീകരിച്ചുവെന്ന തെറ്റ് വിജയന്‍ മാഷ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആ തെറ്റിന് പരിഹാരം തന്‍റെ പ്രവര്‍ത്തങ്ങളിലൂടെ മാഷ് ചെയ്തു.

ഇവിടത്തെ മണ്ണിനേയും വെള്ളത്തേയും വെള്ളക്കാരന് ഒറ്റി കൊടുക്കുന്ന നിയോലിബറല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിജയന്‍ മാഷ് പ്രവര്‍ത്തിച്ചു. അര്‍ബുദവും സൈനസറ്റിസും അക്രമിക്കുമ്പോഴും മനസ്സിനെ കുളിര്‍മയണിയിക്കുന്ന ചിരിയുമായി കേരളത്തില്‍ പലയിടങ്ങളിലായി ഈ ദുര്‍ഭൂതങ്ങള്‍ക്കെതിരെ പ്രസംഗിച്ചു.

അല്ലാതെ തന്നെ സംരക്ഷിക്കുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദാര്‍ശനികമായ രൂപം നല്‍കുകയായിരുന്നില്ല വിജയന്‍ മാഷ് ചെയ്തിരുന്നത്.

മനസ്സാണ് ഏറ്റവും വലിയ എതിരാളി. മനസ്സില്‍ കുത്ത് ഉണ്ടാകുമ്പോള്‍ ഉറങ്ങുവാന്‍ കഴിയുകയില്ല. എന്നാല്‍ അഴിക്കോട് എല്ലാ ദിവസവും സുഖകരമായിട്ടാണ് ഉറങ്ങുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ഈയിടെയുള്ള വാക്കുകള്‍ സൂചിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :